കസ്റ്റഡി മരണം: റിപ്പോര്‍ട്ട് ഒരാഴ്ച്ചക്കകമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ 


JULY 12, 2019, 10:40 AM IST

പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഇടുക്കി സ്വദേശി രാജ് കുമാര്‍ കസ്റ്റഡിയില്‍  മരിച്ച സംഭവത്തില്‍ ഒരാഴ്ചക്കകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡോമിനിക്ക്. 

രാജ് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട്  രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വെളിവെടുപ്പിന്റെ ഭാഗമായി  കമ്മീഷന്‍ അധ്യക്ഷന്‍ പീരുമേട് സബ് ജയിലും നെടുങ്കണ്ടം പൊലീസ് സ്റ്റേഷനും സന്ദര്‍ശിച്ച് വിശദമായ പരിശോധന നടത്തി. രാജ് കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, എഫ് ഐ ആര്‍ തുടങ്ങി നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ ലഭ്യമായ എല്ലാ രേഖകളുടെയും പകര്‍പ്പ് കമ്മീഷനെടുത്തു. 

പീരുമേട് ജയിലില്‍ തടവുകാരുമായി കമ്മീഷന്‍ ആശയവിനിമയം നടത്തി.  രാജ് കുമാറിന്റെ ഭാര്യ എം. വിജയ നല്‍കിയ പരാതി കമ്മീഷന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അറിയിച്ചു. 

കസ്റ്റഡി മരണം ഉണ്ടായ ഉടനെ  കമ്മീഷന്‍ കേസെടുത്തിരുന്നു. തുടര്‍ന്ന്  വിശദമായ ഒരു അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശവും നല്‍കിയിരുന്നു.  ഇതിനുശേഷം  പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ഇന്‍ക്വസ്റ്റ്, മജിസ്റ്റീരിയല്‍ എന്‍ക്വയറി റിപ്പോര്‍ട്ട് എന്നിവ  ഹാജരാക്കാന്‍ ജയില്‍ മേധാവിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ രേഖകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

Other News