ഡാമുകളില്‍ വെള്ളമില്ല; സംസ്ഥാനത്ത്  വൈദ്യുതി പ്രതിസന്ധി രൂക്ഷം; 15 നുശേഷം നിയന്ത്രണം വന്നേക്കും


JULY 8, 2019, 2:55 PM IST

കൊച്ചി: മണ്‍സൂണ്‍ മഴ വഴിമാറിയതോടെ സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി. ഡാമുകളില്‍ ജലനിരപ്പ് കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് വൈദ്യുതി ഉത്പാദനവും പ്രതിസന്ധിയിലായി. പ്രതിദിന ഉത്പാദനത്തില്‍ അഞ്ചര ദശലക്ഷം യൂണിറ്റിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. മഴ ലഭിച്ചില്ലെങ്കില്‍ ജൂലൈ 15 ന് ശേഷം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് വൈദ്യുതി ബോര്‍ഡ്.

മഴ കുറഞ്ഞതോടെ ഡാമുകളിലെ വെള്ളം കുറഞ്ഞതാണ് പ്രതിസന്ധിക്കിടയാക്കിയിരിക്കുന്നത്. നിലവില്‍ ജലസംഭരണികളിലെല്ലാം 15 ശതമാനത്തില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. ഡാമുകളിലെ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ ജൂണ്‍ മാസം അവസാനത്തോടെ കെഎസ്ഇബി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.ഇപ്പോള്‍ ഡാമിലുള്ള വെള്ളം ഉപയോഗിച്ച് പരമാവധി 30 ദിവസത്തേക്ക് കൂടിയേ വൈദ്യുതി ഉല്‍പ്പാദിക്കാനാകൂവെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ 15 ന് ചേരുന്ന യോഗത്തില്‍ വൈദ്യുതി നിയന്ത്രണത്തിനുള്ള തീരുമാനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് വിവരം.

സംസ്ഥാനത്തെ രണ്ടാമത്തെ വൈദ്യുതോല്‍പ്പാദന കേന്ദ്രമായ ശബരിഗിരിയുടെ പ്രധാന സംഭരണിയായ കക്കിയില്‍ നീരൊഴുക്ക് നിലച്ചു.  നാല് സംഭരണികള്‍ വറ്റുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് വൈദ്യുതോല്‍പ്പാദനം പ്രതിസന്ധിയിലായി.സംഭരണികളില്‍ അവശേഷിക്കുന്ന ജലം ഉപയോഗിച്ച് 432 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമേ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുകയുള്ളൂ. 

കക്കിയില്‍ നീരൊഴുക്ക് നിലച്ചുവെന്നും മറ്റു സംഭരണികളായ ആനത്തോട് ഡാമും മൂഴിയാര്‍ ഡാമും വറ്റിവരണ്ടതായും കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജ് വ്യക്തമാക്കുന്നു.ചെങ്കുളം, ആനയിറങ്കല്‍ സംഭരണികളും വറ്റി. പ്രധാന വൈദ്യുതോല്‍പ്പാദന കേന്ദ്രങ്ങളായ ഇടുക്കിയുടെ സംഭരണിയില്‍ 13 ശതമാനം ജലവും ശബരിഗിരി പദ്ധതിയുടെ പമ്പാ ഡാമില്‍ 7 ശതമാനം ജലവുമാണ് ഉള്ളത്.

സംസ്ഥാനത്തെ പ്രധാന വൈദ്യുതോത്പാദന കേന്ദ്രങ്ങളായ ഇടുക്കിയും ശബരിഗിരിയും ഉള്‍പ്പെടുന്ന ഗ്രൂപ്പ് ഒന്നിലെ ഡാമുകളില്‍ അവശേഷിക്കുന്നത് സംഭരണ ശേഷിയുടെ 11 ശതമാനം ജലം മാത്രമാണ്.കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1,509 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ആവശ്യമായ ജലമാണ് കുറവുള്ളത്. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയോഗം 74.90 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ ജലവൈദ്യുത പദ്ധതികളില്‍ നിന്നും ഉല്‍പ്പാദിപ്പിച്ചത് 13.62 ദശലക്ഷം യൂണിറ്റ് മാത്രമാണ്. 60 ലക്ഷം യൂണിറ്റ് പുറത്തുനിന്നും വാങ്ങുകയായിരുന്നു. പ്രതീക്ഷിച്ച മഴ ലഭിക്കാതിരുന്നതും ഇതിനോടൊപ്പം മഹാപ്രളയത്തെ തുടര്‍ന്ന് ഈ വര്‍ഷം നടത്തിയ മുന്നൊരുക്കവും സംഭരണികളിലെ ജലനിരപ്പ് കുത്തനെ താഴുന്നതിന് കാരണമായിട്ടുണ്ട്.

അതേ സമയം കെഎസ്ഇബി യ്ക്ക് കുടിശിക ഇനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് കിട്ടാനുള്ളത് 138 കോടി രൂപയാണ്. പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്രത്തില്‍നിന്നടക്കം വൈദ്യുതി വാങ്ങാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴാണ് കുടിശിക പിരിക്കാതെ സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയിലൂടെ ജനങ്ങള്‍ക്ക് അധിക ബാധ്യത ഉണ്ടാക്കുന്നത്.


Other News