ദുരിതവർഷത്തിൽ മരണം 43;  929 ദുരിതാശ്വാസ ക്യാമ്പുകളിലായി 93088 ആളുകൾ 


AUGUST 10, 2019, 2:21 AM IST

തിരുവനന്തപുരം:ദുരിതവർഷത്തിൽ സംസ്ഥാനത്ത്  43 മരണം സ്ഥിരീകരിച്ചു.ഒടുവിലത്തെ ഔദ്യോഗിക കണക്കനുസരിച്ച്  സംസ്ഥാനത്തൊട്ടാകെയായി 929 ക്യാമ്പുകൾ തുറന്നിട്ടുണ്ട്.23891 കുടുംബങ്ങളിലെ 93088 ആളുകളാണ് ക്യാമ്പുകളിലുള്ളത്.

കോഴിക്കോട് ആണ് ഏറ്റവുമധികം മരണം;11.ദുരിതാശ്വാസ ക്യാമ്പുകളും ഏറ്റവുമധികം കോഴിക്കോടാണ്.191 ക്യാമ്പുകൾ ഇവിടെ തുറന്നിട്ടുണ്ട്.ഒൻപതുപേർ മരിച്ച വയനാട്ടിൽ 181ക്യാമ്പുകൾ പ്രവർത്തിക്കുന്നു.

ഏറ്റവും കൂടുതൽ ആളുകൾ അഭയാർത്ഥി ക്യാമ്പിലുള്ളത് വയനാട്ടിലാണ്.6198 കുടുംബങ്ങളിലെ 23165 പേർ ഇവിടെ ക്യാമ്പിൽ കഴിയുന്നു.

വെള്ളിയാഴ്ച മാത്രം സംസ്ഥാനത്ത് 663 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.18801 കുടുംബംഗാളിലെ 74780 ആളുകൾ പുതിയതായി ക്യാമ്പിലെത്തി. 

കക്കയം ജനറേറ്റിംഗ് സ്റ്റേഷന്റെ തൊട്ടുമുകളിൽ ഉരുൾപൊട്ടൽ ഉണ്ടായി.മണ്ണും വെള്ളവും കയറി സ്റ്റേഷൻ അടച്ചിട്ടിരിക്കുകയാണ്.അരീക്കോടു നിന്ന് വടക്കോട്ട് വൈദ്യുതി കൊണ്ടുപോകുന്ന നിലമ്പൂർ അരീക്കോട് 220 KV ലൈൻ ചാലിയാർ പുഴയിൽ വെള്ളം കയറി ക്ലിയറൻസ് കുറഞ്ഞതിനാൽ ഓഫ് ചെയ്യേണ്ടിയും വന്നു. 

ഈ സാഹചര്യത്തിൽ കണ്ണൂർ, കാസർഗോഡ് തുടങ്ങിയ വടക്കൻ ജില്ലകളിൽ വൈദ്യുതി ബന്ധം നിലച്ചു.അരീക്കോട് ലൈൻ ചാർജ് ചെയ്യാനുള്ള സാദ്ധ്യതകൾ ഊർജ്ജിതമായി പരിശോധിച്ചു വരുന്നു.