കേരളാ പോലീസിലെ ചിലര്‍ക്ക് ഗുണ്ടാ ബന്ധമുണ്ടെന്ന് ഡി ജി പി


MAY 13, 2022, 8:03 PM IST

തിരുവനന്തപുരം: കേരള പോലീസില്‍ ഗുണ്ടാബന്ധമുള്ളവരുണ്ടെന്ന് ഡി ജി പി അനില്‍ കാന്ത്. ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസടുക്കണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഡി ജി പി നിര്‍ദേശിച്ചു. 

ഗുണ്ടകള്‍ക്ക് ചില പൊലീസുകാരുമായി ബന്ധമുണ്ടെന്ന് മനസിലായതായും വര്‍ഗീയ സംഘര്‍ഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും പറഞ്ഞ അദ്ദേഹം പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗമാണ് നടത്തുന്നതെന്നും ഇത്തരം ആള്‍ക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും പറഞ്ഞു.  

പി സി ജോര്‍ജ് വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരുന്നു. ഡി ജി പി, പൊലീസ് ആസ്ഥാനത്തെ എ ഡി ജി പി, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി, ഇന്റലിജന്‍സ് എ ഡി ജി പി എന്നിവരെയാണ് വിളിച്ചുവരുത്തിയിരുന്നത്.

പി സി ജോര്‍ജ് വിഷയം, ആര്‍ എസ് എസ്- എസ് ഡി പി ഐ സംഘര്‍ഷം തുടങ്ങിയവയുടെ പശ്ചാത്തലത്തിലായിരുന്നു ഡി ജി പി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്.