മഞ്ജു കുടുങ്ങിയ വിവരമറിയിച്ചത് ദിലീപ്; രക്ഷപ്പെടുത്താൻ നടപടി തേടിയെന്നും ഹൈബി 


AUGUST 20, 2019, 11:12 PM IST

കൊച്ചി:നടി മഞ്ജുവാര്യരും ഷൂട്ടിംഗ് സംഘവും ഹിമാചല്‍ പ്രദേശിൽ കനത്ത മഴയിൽ കുടുങ്ങിയ കാര്യം തന്നെ അറിയിച്ചത് നടന്‍ ദിലീപാണെന്ന് ഹൈബി ഈഡന്‍ എം പി. രക്ഷപ്പെടുത്തുന്നതിനു നടപടി സ്വീകരിക്കണമെന്ന് ദിലീപ് ആവശ്യപ്പെട്ടതായും ഹൈബി അറിയിച്ചു.രക്ഷപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്രധനകാര്യ സഹമന്ത്രിയും ഹിമാചലില്‍ നിന്നുള്ള എം പിയുമായ അനുരാഗ് താക്കൂറുമായി താൻ ബന്ധപ്പെട്ടതായും ഹൈബി ഈഡന്‍  ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിൽ വ്യക്തമാക്കുന്നു.

സനല്‍കുമാര്‍ ശശിധരന്‍റെ സിനിമാ ഷൂട്ടിങിന് പോയ 30 അംഗ സംഘമാണ് ഹിമാചലിലെ ഛത്രുവില്‍ കുടുങ്ങിയത്. 

ഹൈബിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മഞ്ജു വാര്യരും സംഘവും ഹിമാചലിലെ ചത്രു എന്ന സ്ഥലത്ത് പ്രളയത്തിൽ കുടുങ്ങി കിടക്കുകയാണ്. ഇരുന്നൂറോളം വരുന്ന സംഘത്തോടൊപ്പമാണ് മഞ്ജു വാര്യരുമുള്ളത്. മഞ്ജുവിനോടൊപ്പമുള്ള സംഘത്തിൽ 30 ഓളം പേരാണുള്ളത്.

അവരുടെ സഹോദരൻ മധു വാര്യരുമായി സാറ്റലൈറ്റ് ഫോൺ വഴി ബന്ധപ്പെട്ടു എന്നാണ് അറിയാൻ സാധിക്കുന്നത്. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് അവരുടെ പക്കലുള്ളത്.

നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര ധനകാര്യ സഹ മന്ത്രിയും ഹിമാചലിൽ നിന്നുള്ള എം. പി യുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടു. രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയിട്ടുണ്ട്. മഞ്ജു വാര്യരുടെയും സംഘത്തിന്റെയും തിരിച്ചു വരവിനായി നമുക്ക് പ്രാർത്ഥിക്കാം.

Other News