പണം പിരിക്കൽ മാത്രമല്ല ദുരിതാശ്വാസം: പ്രളയത്തെക്കുറിച്ച് മോഹൻലാൽ


AUGUST 22, 2019, 9:40 PM IST

കൊച്ചി ; പണം പിരിക്കല്‍ മാത്രമല്ല ദുരിതാശ്വാസ പ്രവര്‍ത്തനം എന്ന് തിരിച്ചറിയണമെന്ന് മോഹൻലാൽ. പ്രളയം ബാക്കിയാക്കിയ സ്വന്തം നാടിനെ പറ്റി ആശങ്കകൾ പങ്ക് വച്ചാണ് താരത്തിന്റെ ബ്ലോഗ് .

ഒരു പ്രളയം കൊണ്ട് പഠിക്കാനോ, കൃത്യമായി മുന്നൊരുക്കങ്ങള്‍ നടത്താനോ നമുക്കായില്ല. മഴ നമ്മെ വിറപ്പിച്ചുകൊണ്ട് മുന്നില്‍ കലിതുള്ളിനിന്നു. പാവപ്പെട്ട മനുഷ്യര്‍ ഏതൊക്കെയോ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി വെള്ളക്കെട്ടില്‍ വീണു മരണമടഞ്ഞു.

മഴ പെയ്ത് മണ്ണിടിഞ്ഞ് കഴിഞ്ഞ് മനുഷ്യരെ രക്ഷിക്കാന്‍ ഓടുന്നതിനേക്കാള്‍ അതിനുമുമ്പ് ആധുനിക ശാസ്ത്ര സംവിധാനവും കൃത്യമായ പ്ലാനിങ്ങും ഉപയോഗിച്ച് അപകടസ്ഥലങ്ങളില്‍ നിന്ന് മനുഷ്യരെ മാറ്റാന്‍ നമുക്ക് സാധിക്കില്ലേയെന്നും മോഹന്‍ലാല്‍ ചോദിക്കുന്നു.

1999 ല്‍ ഒറീസ്സയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ പതിനായിരം മനുഷ്യരാണ് മരിച്ചത്. എന്നാല്‍ അതേ സ്ഥാനത്ത് 2003 ല്‍ ഫാലിന്‍ എന്ന ചുഴലിക്കാറ്റ് വന്നപ്പോള്‍ 25 പേരെ മരിച്ചുള്ളൂ. സാറ്റലൈറ്റ് ഇമേജുകളുപയോഗിച്ചും കടല്‍ത്തിരമാലകളുടെയും കാറ്റിന്റെയും വേഗമളന്നും മഴയുടെ പതനശേഷി അളന്നും സംസ്ഥാന സര്‍ക്കാരും ദുരന്തനിവാരണ സംഘങ്ങളും മറ്റ് ഉദ്യോഗസ്ഥരും ചിട്ടയോടെ പ്രവര്‍ത്തിച്ചതിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാനായത്. 

ഒറീസ്സയുടെ ഈ മുന്നൊരുക്കത്തെ ഐക്യരാഷ്ട്രസംഘടന വരെ അഭിനന്ദിക്കുകയുണ്ടായി.ഒറീസ്സയ്ക്ക് സാധിക്കുമെങ്കില്‍ എന്തുകൊണ്ട് നമുക്കും സാധിക്കില്ല? രണ്ട് വര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ നമുക്ക് എല്ലാ തരത്തിലും മാറേണ്ടതുണ്ടെന്നും മോഹൻലാൽ പറയുന്നു .

അതേസമയം,ആഡംബര ജീവിതവും ആനക്കൊമ്പ് വിവാദവും ബി ജെ പി ചാചായ്‌വുമെല്ലാം ചൂണ്ടിക്കാട്ടി  ബ്ലോഗിനെ നിശിതമായി വിമർശിച്ച് ട്രോളുകൾ വ്യാപകമായി.ഫേസ്‌ബുക്ക്, ഇന്‍സ്റ്റാഗ്രാം പോലുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചാരത്തിലുള്ള ട്രോള്‍ പേജുകളും ഗ്രൂപ്പുകളും വ്യക്തികളും മോഹന്‍ലാലിന്റെ ബ്ലോഗെഴുത്തിനെ ഹാസ്യാത്മകമായും വിമര്‍ശനാത്മകമായും ട്രോളുന്നുണ്ട്.