പോക്‌സോ കേസ് പ്രതിയെ പീഡിപ്പിച്ചതടക്കം നിരവധി കേസുകളില്‍ പ്രതിയായ സിഐക്ക് പിരിച്ചുവിടല്‍ നോട്ടീസ്


MAY 27, 2023, 6:40 AM IST

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ യുവാവിനെ ലൈംഗികപീഡനത്തിന് ഇരയാക്കിയ ഇന്‍സ്‌പെക്ടറെ പിരിച്ചുവിടാന്‍ വകുപ്പ് അധികൃതര്‍ നോട്ടീസ് നല്‍കി. അയിരൂര്‍ എസ്എച്ച്ഒ ആയിരുന്ന ജയസനിലിനാണ് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയത്.

ജോലിയില്‍നിന്ന് പിരിച്ചുവിടുന്നതിന് മുന്നോടിയായി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്. പോക്‌സോ കേസിലെ പ്രതിയെ പീഡിപ്പിച്ചത് അടക്കം നിരവധി കേസുകളിലെ പ്രതിയാണ് ജയസനില്‍.

17 കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ യുവാവാണ് ജയസനിലിനെതിരെ പരാതി നല്‍കിയത്. സഹോദരനൊപ്പം സ്റ്റേഷനില്‍ കാണാനെത്തിയ പ്രതിയോട് സഹകരിച്ചാല്‍ കേസില്‍ നിന്നും ഒഴിവാക്കാമെന്ന് ജയസനില്‍ പറഞ്ഞു. സിഐ ആവശ്യപ്പെട്ടതുപ്രകാരം യുവാവ് ക്വാര്‍ട്ടേഴ്‌സിലെത്തി. അവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. കേസ് ഒഴിവാക്കാന്‍ അമ്പതിനായിരം രൂപ കൈക്കൂലിയും ജയസനില്‍ ഇവിടെവെച്ച് കൈപ്പറ്റി.

എന്നാല്‍ ഇതിനുശേഷം യുവാവിനെതിരെ പോക്‌സോ കേസുമായി ജയസനില്‍ മുന്നോട്ടുപോകുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്യുകയും ചെയ്തു. പിന്നീട് ജാമ്യഹര്‍ജിയുടെ ഭാഗമായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് പീഡനവിവരം യുവാവ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് അയിരൂര്‍ സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. ഈ സമയം റിസോര്‍ട്ട് ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയതിന് ജയസനില്‍ സസ്‌പെന്‍ഷനിലായിരുന്നു. വകുപ്പുതല അന്വേഷണത്തില്‍ ജയസനിലിനെതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു.

2010 മുതല്‍ ജയസനില്‍ വിവിധ കേസുകളില്‍ ആരോപണ വിധേയനും വകുപ്പുതല നടപടികള്‍ നേരിട്ടയാളുമാണെന്ന് ഡിജിപിയുടെ നോട്ടിസില്‍ പറയുന്നു. കുപ്രസിദ്ധ ഗുണ്ട കരാട്ടേ സുരേഷില്‍നിന്ന് കൈക്കൂലി വാങ്ങിയതും റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ വ്യാജക്കേസ് റജിസ്റ്റര്‍ ചെയ്തതും അടക്കം വകുപ്പ്തല നടപടികള്‍ നേരിട്ട 5 കേസുകളുടെ കാര്യം നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്

Other News