പ്രകൃതിദുരന്തത്തിന്  കാരണം ഖനനമാഫിയക്കായി ഗാഡ്‌ഗിൽ റിപ്പോര്‍ട്ട് അട്ടിമറിച്ചത്:ഡോ വി എസ് വിജയന്‍


AUGUST 14, 2019, 1:12 AM IST

തൃശ്ശൂര്‍ : പ്രളയം ഉൾപ്പെടെ കേരളത്തിലെ പ്രകൃതിദുരന്തങ്ങൾ ക്ഷണിച്ചു വരുത്തിയവയെന്ന് ഗാഡ്‌ഗിൽ കമ്മിറ്റി വിദഗ്‌ധ സമിതി അംഗം ഡോ വി എസ് വിജയന്‍. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ ദുരന്തങ്ങളെ ഫലപ്രദമായി നേരിടാന്‍ കഴിയുമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പശ്ചിമഘട്ട സംരക്ഷണം ലക്ഷ്യമിട്ട് തയ്യാറാക്കിയ ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിക്കാനുള്ള ശ്രമം തുടക്കം മുതല്‍ക്കെ നടന്നിരുന്നു. റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാതെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചതും, റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതും ഖനനമാഫിയകള്‍ക്ക്  വേണ്ടിയായിരുന്നു. അനധികൃത ഖനന മാഫിയകളെ പിന്തുണച്ച സര്‍ക്കാര്‍ നിലപാടാണ് ദുരന്തങ്ങള്‍ക്ക് കാരണമെന്നും ഇതിന് സര്‍ക്കാര്‍ ഉത്തരം പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഗാഡ്‌ഗിൽ റിപ്പോര്‍ട്ടിനെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നത് വയനാട്, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദുരന്തവും ഏറ്റവും കൂടുതല്‍ ആഘാതം സൃഷ്‌ടിച്ചതും ഈ ജില്ലകളില്‍ ആണ്. വോട്ടു ബാങ്ക് ലക്ഷ്യമിട്ട് പ്രബല രാഷ്ട്രീയ പാര്‍ട്ടികൾ റിപ്പോർട്ട് അവഗണിച്ചു.

കേരളത്തില്‍ വീണ്ടും പ്രകൃതിദുരന്തമുണ്ടാകാൻ കാരണം പശ്ചിമഘട്ട സംരക്ഷണത്തില്‍ വരുത്തിയ വീഴ്‌ച മൂലമാണെന്ന് ഗാഡ്‌ഗിൽ കമ്മീഷന്‍ അധ്യക്ഷന്‍ മാധവ് ഗാഡ്‌ഗിൽ കഴിഞ്ഞദിവസം ആവർത്തിച്ചിരുന്നു.കേരളത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് തെറ്റുപറ്റി.  ഒരു ചെറിയ വിഭാഗത്തിന്‍റെ താത്പര്യം സംരക്ഷിക്കുന്നതിനായി പൊതുജനങ്ങളുടെയും പരിസ്ഥിതിയുടെയും  ഭാവിയെക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും അദ്ദേഹം വിമർശനമുയർത്തി.  

വലിയ ക്വാറികള്‍ക്ക് പോലും ഇപ്പോള്‍ കേരളത്തില്‍ നിര്‍ബാധം ലൈസന്‍സ് നല്‍കുകയാണ് സംസ്ഥാന സര്‍ക്കാര്‍. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ നിയമങ്ങളല്ല വേണ്ടത് ഉള്ള നിയമങ്ങള്‍ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുകയാണ് വേണ്ടത്.  വികേന്ദ്രീകരണത്തിലൂടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കു കൂടുതൽ അധികാരം നൽകി പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം.

Other News