യുവ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു, കാറോടിച്ചിരുന്നത് മദ്യപിച്ച് ലക്കുകെട്ട ഓഫീസറായിരുന്നെന്ന് ദൃക്‌സാക്ഷി


AUGUST 3, 2019, 2:24 PM IST

തിരുവനന്തപുരം: യുവ ഐഎഎസ് ഓഫീസറും നിലവില്‍ സര്‍വേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചകാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് ചീഫ് ചീഫ് തിരൂര്‍ സ്വദേശി കെ.എം ബഷീര്‍ (35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്രീരാം വെങ്കിട്ടരാമനും സുഹൃത്തുമാണ് കാറിലുണ്ടായിരുന്നത്. താനല്ല, സുഹൃത്താണ് കാറോടിച്ചതെന്ന് ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നുണ്ടെങ്കിലും  അദ്ദേഹം തന്നെയാണ് വാഹനമുപയോഗിച്ചതെന്നും കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.  ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.  ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി പോലീസ് അറിയിച്ചു. 

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. മുന്നില്‍ പോവുകയായിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു.കാറില്‍ ശ്രീരാം വെങ്കിട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുക്കാതെ ആദ്യം വിട്ടയച്ചുവെന്നും പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷനിലെത്തി കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് ഇവരെ ഫോണില്‍ വിളിക്കാന്‍ പോലീസ് തയ്യാറായതെന്നും പ്രമുഖമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

വഫ ഫിറോസ് എന്ന സ്ത്രീയുടെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്നത്.  

മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും, തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി. 

സോഷ്യല്‍ മീഡീയയില്‍ സജീവമായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ജനകീയനായ ഐഎഎസ് ഓഫീസറാണ്. 

Other News