കഴിഞ്ഞ പ്രളയത്തില്‍ നിന്നു പാഠം പഠിച്ചില്ലെന്ന് ഇ ശ്രീധരന്‍: പഠനമാവശ്യപ്പെട്ടതിന് മറുപടി പോലും ലഭിച്ചില്ല


AUGUST 10, 2019, 11:06 PM IST

കൊച്ചി: കഴിഞ്ഞ വര്‍ഷം ഇതേ സമയത്തുണ്ടായ പ്രളയത്തില്‍ നിന്നു പാഠം പഠിച്ചിട്ടില്ലെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. പ്രളയകാരണം കണ്ടുപിടിച്ച് ഭാവിയില്‍ ഇതിനെ തരണം ചെയ്യാൻ മാര്‍ഗങ്ങള്‍ കണ്ടെത്താനും വിദഗ്ധ സാങ്കേതികസമിതി രൂപവല്‍കരിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പ്ലാനിംഗ് ബോര്‍ഡിനും കത്തെഴുതിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയ കാരണം ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. കാരണം കണ്ടുപിടിച്ച് പരിഹരിക്കണം. അതിനാര്‍ക്കും താത്പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് ഭാരതപ്പുഴയില്‍ തൃത്താലയിലെ റെഗുലേറ്ററിന്റെ 27 ഷട്ടറുകള്‍ തുറക്കാന്‍പറ്റിയില്ല. ഇക്കാരണത്താല്‍ സമീപപ്രദേശങ്ങളില്‍ മുഴുവന്‍ വെള്ളം കയറി. പ്രളയത്തിനുശേഷവും അതിന്റെ ഷട്ടര്‍ തുറക്കാന്‍ പറ്റാത്തതിന്റെ കാരണം കണ്ടുപിടിച്ചില്ല. ഇപ്പോഴും അത് അങ്ങനെത്തന്നെ കിടക്കുന്നു.

അനധികൃത ഖനനം പ്രളയത്തിന് കാരണമാണ്. ശാസ്ത്രീയമായ മൈനിംഗ്‌ നടക്കുന്നില്ല. പുഴയില്‍നിന്ന് മണല്‍വാരുന്നതും പ്രശ്‌നമാണ്. മണല്‍ വാരുന്നവര്‍ പുഴയുടെ ഇരുവശത്തുനിന്നുമാണ് വാരുന്നത്, നടുവില്‍നിന്നല്ല. ഇത് പുഴയുടെ ഒഴുക്കിനെ ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം പറഞ്ഞു.നേരത്തെ, പ്രളയത്തെപ്പറ്റി സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഫൗണ്ടേഷന്‍ ഫോര്‍ റീസ്‌റ്റോറേഷന്‍ ഓഫ് നാഷണല്‍ വാല്യൂസ് എന്ന സംഘടനയ്ക്ക് വേണ്ടിയാണ് പ്രസിഡന്റായ ഇ  ശ്രീധരന്‍ ഹര്‍ജി നല്‍കിയത്.

തന്റെ 65 വര്‍ഷത്തെ എഞ്ചിനീയറിംഗ് പരിചയം വെച്ച് പ്രളയം മനുഷ്യ നിര്‍മ്മിത ദുരന്തമാണെന്ന് കരുതുന്നു. കൊല്ലം  കോഴിക്കോട് ജില്ലകള്‍ക്കിടയിലുള്ള നിരവധി പേര്‍ ഇതുമൂലം വലിയ കഷ്ടനഷ്ടങ്ങള്‍ അനുഭവിച്ചു. ഇതിനെപ്പറ്റി സമഗ്രമായ ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഒക്ടോബര്‍ 30 നു തന്നെ മുഖ്യമന്ത്രിക്ക് കത്തയച്ചു. ആസൂത്രണ കമ്മീഷന്‍ വൈസ് ചെയര്‍മാനും കത്തയച്ചിരുന്നു. യാതൊരു മറുപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ശ്രീധരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

ഇത്തരം ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കാൻ സാധ്യതയുണ്ട്. സര്‍ക്കാര്‍ വിഷയത്തില്‍ യാതൊരു മറുപടിയും തരാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പ്രളയം ഉണ്ടാകാനുള്ള കാരണങ്ങളെപ്പറ്റി സമഗ്രമായ പഠനം നടത്താന്‍ കോടതി ഉത്തരവിടണമെന്നും ഹര്‍ജിയില്‍ അഭ്യര്‍ത്ഥിക്കുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും കൃത്യമായി നേരിടാനും സംസ്ഥാനത്തിനും രാജ്യത്തിനും ഇതുമൂലം കഴിയുമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.

ഡാമുകള്‍ യഥാസമയം തുറന്നു വിടാതെ ജലം സംഭരിച്ചു നിര്‍ത്തിയതാണ് കേരളത്തിലെ പ്രളയത്തിനു കാരണമെന്ന് ഇ. ശ്രീധരന്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കാലാവസ്ഥ നിരീക്ഷണത്തിലെ അപാകതയും കാരണമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണം നേരത്തെയും ഉയര്‍ന്നിരുന്നു. മുഖ്യപ്രതിപക്ഷ കക്ഷികളും ഈ ആരോപണം ഉയര്‍ത്തുകയുണ്ടായി.