വിദഗ്‌ധരെ ഇക്കാലത്ത് വിശ്വസിക്കാനാകുന്നില്ല,പണത്തിന് അവരെന്തും എഴുതും:ഗാഡ്‌ഗിൽ 


SEPTEMBER 5, 2019, 10:59 PM IST

കല്‍പ്പറ്റ :പുത്തുമലയില്‍ മണ്ണിടിച്ചലിന് കാരണം സ്വാഭാവിക പ്രകൃതിയെ നശിപ്പിച്ചതാണെന്ന് പ്രൊഫ. മാധവ് ഗാഡ്‌ഗില്‍. മണ്ണിടിച്ചിലിന് കാരണം സോയില്‍ പൈപ്പിംഗ് പ്രതിഭാസമാണെന്ന ജില്ലാ മണ്ണ് സംരക്ഷണ ഓഫീസറുടെ റിപ്പോര്‍ട്ട് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ദുരന്തഭൂമി സന്ദര്‍ശിച്ചശേഷം കല്‍പ്പറ്റയില്‍ നടന്ന പൊതുചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സസ്യങ്ങളും മരങ്ങളുമാണ് ചെങ്കുത്തായ പ്രദേശങ്ങളെ മണ്ണില്‍ ഉറപ്പിച്ച നിര്‍ത്തുന്നത്. ഇത് നശിച്ചാല്‍ പ്രദേശത്ത് മണ്ണിടിച്ചിലിന് കാരണമാകും. പുത്തുമലയില്‍ തോട്ടങ്ങള്‍ക്കായി മണ്ണിടിച്ച് നിരപ്പാക്കിയതും, അശാസ്ത്രീയമായ കെട്ടിട,വീട് നിര്‍മ്മാണവും മണ്ണിടിച്ചിലിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം നിരീക്ഷിച്ചു.

വിദഗ്‌ധരെന്ന് വിശേഷിപ്പിക്കുന്നവരെ കണ്ണടച്ച് വിശ്വസിക്കാനാകില്ല. പണം നല്‍കിയാല്‍ എന്തും എഴുതുകയും പറയുകയും ചെയ്യുന്നവരായി അവര്‍ മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ ആവർത്തിച്ചുകൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങൾ ഒരു പരിധിവരെ മനുഷ്യനിർമിതമാണെന്നും പശ്ചിമഘട്ട സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും വരാനിരിക്കുന്ന വിപത്തുകളെക്കുറിച്ചും 2010ൽ സമർപ്പിച്ച റിപ്പോർട്ട് മൂടിവച്ചതാണ് കേരളത്തിൽ ദുരന്തങ്ങൾ ആവർത്തിക്കാന്‍ കാരണമെന്നും നേരത്തെ കോട്ടക്കൽ എം കെ ആർ ഫൗണ്ടേഷന്റെ കർമ പുരസ്‌കാരം എം ടി വാസുദേവൻ നായരിൽനിന്ന് ഏറ്റുവാങ്ങിക്കൊണ്ട് മാധവ് ​ഗാഡ്​ഗിൽ പറഞ്ഞു. 

പശ്ചിമഘട്ടത്തിലെ കുന്നിൻപ്രദേശങ്ങളെ പ്രകൃതിലോല പ്രദേശങ്ങളായി പരിഗണിക്കണം. നിർമാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുകയും വേണം. പ്രകൃതിവിഭവങ്ങളുടെ അശാസ്ത്രീയ ഉപയോഗം അപകടം ക്ഷണിച്ചുവരുത്തുകയാണ്. പഞ്ചായത്തുകൾക്ക് കൂടുതൽ അധികാരം നൽകി മണൽ, -ക്വാറി മാഫിയകളെ നിയന്ത്രിക്കണം. ദുരന്തങ്ങൾ ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ കൂടുതൽ കരുതലോടെ പ്രകൃതി 

സൗഹാര്‍ദപരമായ വികസന പ്രവർത്തനങ്ങൾക്ക് സർക്കാരുകൾ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. 

പുരസ്‌കാരത്തുകയായി ലഭിച്ച ഒരു ലക്ഷം രൂപ അദ്ദേഹം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി.

Other News