ഫഹദും അമലയും കേസിൽനിന്ന്  ഒഴിവാകും,സുരേഷ് ഗോപിക്ക് കുറ്റപത്രം 


AUGUST 29, 2019, 1:11 AM IST

കൊച്ചി:പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് കേസില്‍ നിന്ന് സിനിമാതാരങ്ങളായ ഫഹദ് ഫാസിലിനെയും അമല പോളിനെയും ഒഴിവാക്കുന്നു. ഇരുവര്‍ക്കുമെതിരായ നടപടികള്‍ അവസാനിപ്പിക്കുന്നതായി കാണിച്ച്‌ ക്രൈം ബ്രാഞ്ച് തിരുവനന്തപുരം സി ജെ എം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം സുരേഷ് ഗോപി എം പിക്കെതിരെ ഉടന്‍ കുറ്റപത്രം നല്‍കും.

കേരളത്തില്‍ അടക്കേണ്ട ലക്ഷങ്ങളുടെ നികുതി വെട്ടിക്കാനായി പുതുച്ചേരിയിലെ വ്യാജ മേല്‍വിലാസത്തില്‍ വാഹനം റജിസ്റ്റര്‍ ചെയ്‌തുവെന്നതാണ് കേസ്.ഫഹദ് ഫാസില്‍ രണ്ടും അമല പോളും സുരേഷ് ഗോപിയും ഓരോ വാഹനങ്ങളുമാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്‌തത്. നികുതി വെട്ടിപ്പും വ്യാജ രേഖ ചമയ്ക്കലും കണ്ടതോടെ മൂവരെയും വിളിച്ചുവരുത്തി ചോദ്യംചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു.

എന്നാല്‍ അമല പോളിനും ഫഹദ് ഫാസിലിനുമെതിരെ തുടര്‍നടപടി സാധ്യമല്ലെന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ പറയുന്നത്. ബെംഗളൂരുവില്‍ നിന്ന് വാങ്ങിയ വാഹനം അമല കേരളത്തില്‍ എത്തിച്ചിട്ടില്ല. അതിനാല്‍ കേരള പൊലീസിന്റെ അധികാരപരിധിയില്‍ കേസ് വരില്ല.ആവശ്യമെങ്കില്‍ പുതുച്ചേരി മോട്ടോര്‍ വാഹന വകുപ്പിന് കേസെടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 

ഡല്‍ഹി , ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് വാഹനം വാങ്ങിയ ഫഹദ് തെറ്റ് മനസിലായപ്പോള്‍ കേരളത്തിലേക്ക് രജിസ്ട്രേഷന്‍ മാറ്റുകയും പിഴ അടക്കുകയും ചെയ്‌തു. അതിനാല്‍ നടപടി അവസാനിപ്പിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എന്നാല്‍ കൊച്ചിയില്‍ നിന്ന് വാഹനം വാങ്ങി പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്‌തു  കേരളത്തിലൂടെ ഓടിച്ച സുരേഷ് ഗോപി ഇതുവരെ പിഴ അടച്ചില്ല. അതിനാല്‍ നികുതി വെട്ടിപ്പ് , വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഉടന്‍ കുറ്റപത്രം നല്‍കാനും ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാന്റെ നേതൃത്വത്തിലെ സംഘം നടപടി തുടങ്ങി.

Other News