റെയ്ഡുകളില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പിടികൂടി; അഞ്ചുപേര്‍ പിടിയില്‍


JULY 25, 2019, 4:57 PM IST

തിരുവനന്തപുരം/കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ റെയ്ഡുകളില്‍ 20 ലക്ഷത്തിലധികം രൂപയുടെ കള്ളനോട്ട് പിടികൂടി.

സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് അറസ്റ്റുചെയ്തു. ആറ്റിങ്ങല്‍, കുന്ദമംഗലം, ഫറോക്ക് എന്നിവിടങ്ങളില്‍ നടത്തിയ റെയ്ഡുകളിലാണ് കള്ളനോട്ട് പിടികൂടിയത്

. കോഴിക്കോട് കുന്നമംഗലം സ്വദേശി ഷമീര്‍ (38) ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദ്, കടയ്ക്കാവൂര്‍ തെക്കുംഭാഗം വീട്ടില്‍ വര്‍ഗ്ഗീസ്(42), ചിറയിന്‍കീഴ് സ്വദേശി പ്രതാപന്‍ (48), വെമ്പായം സ്വദേശി അബ്ദുല്‍ വഹാബ് (52), എന്നിവരാണ്  പൊലീസ് അറസ്റ്റു ചെയ്തത്.ആറ്റിങ്ങലില്‍ നിന്ന് ആറേമുക്കാല്‍ ലക്ഷം രൂപയുടെ കള്ളനോട്ടാണ് പിടികൂടിയത്.

നോട്ട് അച്ചടിക്കുന്ന യന്ത്രങ്ങളും കണ്ടെടുത്തു. ഇതേത്തുടര്‍ന്ന് ആറ്റിങ്ങല്‍ പൊലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നമംഗലത്തും ഫറൂക്കിലും ഒരേസമയം റെയ്ഡ് നടത്തിയതിനെത്തുടര്‍ന്നാണ് 20 ലക്ഷത്തോളം രൂപയുടെ കള്ളനോട്ടും മെഷീനും പിടിച്ചെടുത്തത്.

ഇവിടെ നടത്തിയ പരിശോധനയില്‍ കുന്ദമംഗലം സ്വദേശി ഷമീറും ഫറോക്ക് സ്വദേശി അബ്ദുള്‍ റഷീദുമാണ് അറസ്റ്റിലായത്.ഫറോക്കില്‍ നിന്ന് 2,40,000 രൂപയുടെ കള്ള നോട്ടുകള്‍ കണ്ടെടുത്തു. കോടമ്പുഴയില്‍ വീട് വാടകക്കെടുത്തായിരുന്നു വ്യാജനോട്ട് അച്ചടിച്ചത്.

2000 രൂപയുടെ 70 നോട്ടുകളും 500 രൂപയുടെ 180 നോട്ടുകളുമടക്കം പിടികൂടി. കുന്ദമംഗലത്തെ ഷമീറിന്റെ വീട്ടില്‍ നിന്ന് 20 ലക്ഷം രൂപ പിടിച്ചെടുത്തെന്നാണ് വിവരം.ഫറോക്ക് സ്വദേശിയായ ഷമീറാണ് കേസിലെ മുഖ്യപ്രതി. കോഴിക്കോടു നിന്നാണ് ആറ്റിങ്ങലില്‍ നോട്ടെത്തിച്ചത്.

Other News