കടബാധ്യത: ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു


JULY 23, 2019, 2:31 PM IST

രാജാക്കാട്: കടബാധ്യതയെത്തുടര്‍ന്ന് ഇടുക്കിയില്‍ കര്‍ഷകന്‍ സ്വയം വെടിവെച്ചു മരിച്ചു.

പൂപ്പാറയ്ക്ക് സമീപം മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെപി സന്തോഷാണ്(45) നാടന്‍ തോക്ക് ഉപയോഗിച്ച്   വീടിനുള്ളില്‍ നിന്ന് സ്വയം വെടിവെച്ച് മരിച്ചത്.

കഴുത്തിലാണ് വെടിവെച്ചത്. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ വലതുകണ്ണ് തകര്‍ത്ത് വെടിയുണ്ട പുറത്തുവന്ന നിലയിലാണ് ഇയാളെ കണ്ടത്. കഴിഞ്ഞമാസം മരത്തില്‍ നിന്ന് വീണതിനെത്തുടര്‍ന്ന് നട്ടെല്ലിന് പരുക്കേറ്റ് ചികിത്സയിലായിരുന്ന ഇയാള്‍ ആശുപത്രിയില്‍ നിന്ന് മടങ്ങിയെങ്കിലും വീട്ടില്‍ കിടപ്പിലായിരുന്നു.

ഏതാനും ദിവസം മുമ്പ് ആരോഗ്യം മെച്ചപ്പെട്ട സന്തോഷ് പുറത്ത് പോയി വന്നതിനു ശേഷമാണ് ജീവനൊടുക്കിയത്. ഇടുക്കി ജില്ലാ സഹകരണബാങ്കില്‍ നിന്ന് നാലു ലക്ഷത്തോളം രൂപയുടെ വായ്പാകടം ഇയാള്‍ക്കുണ്ടെന്നാണ് വിവരം.

തോക്കിന് ലൈസന്‍സില്ലെന്നാണ് പ്രാഥമിക നിഗമനം. തോക്ക് നിലത്ത് കുത്തി നിര്‍ത്തിയശേഷം കുഴലിന്റെ അഗ്രം കഴുത്തില്‍ ചേര്‍ത്തുവെച്ച് കാല്‍കൊണ്ട് കാഞ്ചി വലിച്ചിരിക്കാമെന്നാണ് നിഗമനം.

Other News