എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്കുപയോഗിക്കാന്‍ അനുമതി; ഫയറിംഗ് പരിശീലനം തുടങ്ങുന്നു


JUNE 24, 2019, 10:41 AM IST

തിരുവനന്തപുരം:  എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള ഫയറിങ് പരിശീലനം നല്‍കാന്‍ തീരുമാനമായി. മയക്കുമരുന്നു മാഫിയയ്‌ക്കെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്.

2006നുശേഷം ഇതാദ്യമായാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് ഫയറിങ് പരിശീലനം നല്‍കുന്നത്. തൃശൂര്‍ എക്‌സൈസ് അക്കാദമിയിലും പൊലീസ് അക്കാദമിയിലുമായി ജൂലൈ ആദ്യവാരം മുതലാണ് ഫയറിങ് പരിശീലനം. ഇന്‍സ്‌പെക്ടര്‍ മുതല്‍ ഉയര്‍ന്ന് റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉണ്ടെങ്കിലും അത് ഉപയോഗിക്കാനാകാത്ത അവസ്ഥയാണ് നിലവിലുള്ളത്. അത്യാധുനിക പിസ്റ്റളാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്.

അടുത്തിടെ മയക്കുമരുന്ന് മാഫിയയ്‌ക്കെതിരായ നടപടി എക്‌സൈസ് ശക്തിപ്പെടുത്തിയിട്ടുണ്ട്. റെയ്ഡ് ഉള്‍പ്പടെയുള്ള നടപടികള്‍ക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ആക്രമണമുണ്ടാകുന്ന സംഭവവും വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ മാസം കൊല്ലത്ത് രണ്ടു എക്‌സൈസ് ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് തോക്ക് ഉപയോഗിക്കുന്നതിനുള്ള പരിശീലനം പുനരാരംഭിക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് കോടികണക്കിന് രൂപയുടെ മയക്കുമരുന്ന് പിടികൂടിയിരുന്നു. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് തോക്ക് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്നും എക്‌സൈസ് വകുപ്പ് അധികൃതര്‍.

Other News