പത്തനംതിട്ടയ്ക്ക് കാവലായെത്തിയ കടലിന്റെ മക്കള്‍ പ്രതിഫലം വാങ്ങാതെ മടങ്ങി


AUGUST 16, 2019, 10:42 PM IST

 

തിരുവല്ല: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനായി മുന്‍കരുതലെന്ന നിലയില്‍ സ്വന്തംജോലിപോലും ഉപേക്ഷിച്ച് എത്തിയ 46 മത്സ്യത്തൊഴിലാളികൾ കൊല്ലത്തേക്ക് മടങ്ങി. പ്രതിഫലം വാങ്ങാതെയാണ് പത്തനംതിട്ടക്കാരുടെ  ജീവന്‍ രക്ഷിക്കാന്‍ ഇവരെത്തിയത്. ജില്ലാകളക്‌ടർ പി ബി നൂഹ് കൊല്ലം ജില്ലാഭരണകൂടത്തിന്റെ സഹായത്തോടെയാണ് നീണ്ടകരയില്‍ നിന്നും  കേരളത്തിന്റെ സ്വന്ത സൈന്യത്തെയും 10 ബോട്ടുകളും എത്തിച്ചത്. 

ജില്ലയിലെ നദികളിലെ ജലനിരപ്പ് താഴ്ന്ന് അപകടസ്ഥിതി ഒഴിവായതോടെയാണ് ഇവരെ മടക്കി അയച്ചത്. കടലില്‍ നിന്ന് ഒരു ബോട്ടിന് പ്രതിദിനം ഒരുലക്ഷത്തില്‍ കൂടുതല്‍ രൂപ വരുമാനം ലഭിക്കുന്നതു വേണ്ടെന്നു വച്ചാണ് പത്തനംതിട്ടക്കാരുടെ ജീവന്‍ കാക്കാന്‍ ഇവര്‍ ഓടിയെത്തിയത്.

നാലു ബോട്ടുകള്‍ പന്തളം താലൂക്കിലും രണ്ടു ബോട്ടുകള്‍ കോഴഞ്ചേരി താലൂക്കിലും നാലു ബോട്ടുകള്‍ തിരുവല്ല താലൂക്കിലുമാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഒരാഴ്‌ചയായി വിന്യസിച്ചിരുന്നത്. പന്തളം ഗേള്‍സ് സ്‌കൂള്‍ മൈതാനം, തിരുവല്ല കടപ്ര, ചാത്തങ്കേരി, കോഴഞ്ചേരി ആറന്മുള സത്രക്കടവ് എന്നിവിടങ്ങളിൽ ബോട്ടുകള്‍ സജ്ജമാക്കി.തിരുവല്ല തഹസിൽല്‍ദാര്‍ നവീന്‍ ബാബു, അടൂര്‍ തഹസില്‍ദാര്‍ ബീന എസ് ഹനീഫ്, കോഴഞ്ചേരി തഹസില്‍ദാര്‍ ബി ജ്യോതി എന്നിവരുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് നന്ദിപൂര്‍വം യാത്രയയപ്പ് നൽകി.

തിരുവല്ലയുടെ സ്നേഹോപഹാരമായി എ വി എസ് ചാരിറ്റബിള്‍ ട്രസ്റ്റ് വീട്ടാവശ്യത്തിനുള്ള കിറ്റും ഓരോ ജോടി ഷര്‍ട്ടും സാരിയും മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കി.പന്തളത്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തുണിത്തരങ്ങള്‍ സമ്മാനിച്ചു.ആറന്മുളയിലും സ്നേഹ സമ്മാനമായി വസ്ത്രങ്ങള്‍ നല്‍കി.

Other News