കേരളത്തില്‍ വീണ്ടും കോവിഡ് മരണം; ഇന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ മരണം


AUGUST 1, 2020, 3:28 PM IST

പാലക്കാട്: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഒറ്റപ്പാലം വാണിയംകുളം സ്വദേശി സിന്ധുവാണ് (34) മരിച്ചത്. ജില്ല ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. അര്‍ബുദ ബാധിതയായിരുന്നു സിന്ധു. ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന സിന്ധു ഇന്ന് രാവിലെയാണ് മരിച്ചത്. പാലക്കാട് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ കോവിഡ് മരണമാണിത്. കഴിഞ്ഞദിവസം മരിച്ച പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി കോരന്റേത് (80) കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് അഞ്ച് കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 

പാലക്കാട് കൂടാതെ, ഇടുക്കി, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലായാണ് മറ്റു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇടുക്കിയില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ അജിതന്‍ (55) ആണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ മരിക്കുന്നതും ആദ്യമാണ്. ഇന്നലെ രാത്രി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആയിരുന്നു മരണം.

എറണാകുളം ഇടപ്പള്ളിയിലാണ് മറ്റൊരു മരണം റിപ്പോര്‍ട്ട് ചെയ്തത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ദേവസി ആലുങ്കല്‍ (80) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.  മലപ്പുറത്ത് പെരുവള്ളൂര്‍ സ്വദേശി കോയാമു (82) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളെജിലായിരുന്നു അന്ത്യം. 29നാണ് കോയാമുവിനെ ശ്വാസംമുട്ടലിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിലായതോടെ പ്ലാസ്മ തെറാപ്പിക്കും വിധേയനാക്കിയിരുന്നു. കോയാമുവിന്റെ ഭാര്യയും മക്കളും ഉള്‍പ്പെടെ കുടുംബത്തിലെ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Other News