സംസ്ഥാനത്ത്  പ്രളയ മുന്നറിയിപ്പ്:പമ്പയുടെ ഉൾപ്പെടെ തീരങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു 


AUGUST 9, 2019, 12:31 AM IST

തിരുവനന്തപുരം:തോരാ മഴയുടെ സാഹചര്യത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്.കേന്ദ്ര ജല കമ്മീഷനാണ് മുന്നറിയിപ്പ് നൽകിയത്.തിരുവനന്തപുരവും കൊല്ലവും ഒഴികെയുള്ള ജില്ലകളിൽ നദികൾ കരകവിയാണ് സാധ്യതയുണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻറെ പ്രളയ മുന്നറിയിപ്പ് സംവിധാനത്തിൽ നിന്ന് അറിയിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ  ജില്ലകളിലാണ് പ്രളയ സാധ്യത. പെരിയാർ, വളപട്ടണം, കുതിരപ്പുഴ, കുറുമൻപുഴ തുടങ്ങിയ പുഴകളിൽ അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതായി കേന്ദ്ര ജല കമ്മീഷൻ ചൂണ്ടിക്കാട്ടി.

കൂടാതെ മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്,വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലൂടെ ഒഴുകുന്ന നദികൾ കര കവിഞ്ഞൊഴുകാൻ സാധ്യതയുണ്ടെന്നും ഈ ജില്ലകളിൽ പ്രളയ സാധ്യതയുണ്ടെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.ഈ സാഹചര്യത്തിൽ നദിക്കരകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന്  ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. 

അതേസമയം,ശക്തമായ മഴ വീണ്ടും തുടരുന്നതിന് പിന്നാലെ ചാലിയാര്‍,പമ്പ തുടങ്ങിയ നദികളുടെ സമീപപ്രദേശങ്ങളില്‍ നിന്നും ആളുകളെ പൊലീസ് ഒഴിപ്പിച്ചു തുടങ്ങി. രാത്രി വൈകിയും മഴ തുടരുന്ന സാഹചര്യത്തിലാണ് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും ഇടപെട്ട് ആളുകളെ ഒഴിപ്പിക്കുന്നു. നദീതീരത്ത് താമസിക്കുന്ന ഭൂരിപക്ഷം വൈകുന്നേരത്തോടെ തന്നെ ഒഴിഞ്ഞു പോയിട്ടുണ്ട് അല്ലാത്തവരെയാണ് ഉദ്യോഗസ്ഥര്‍ മാറ്റിക്കൊണ്ടിരിക്കുന്നത്. 

രാത്രി വൈകിയും ചാലിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിൽ മാറിത്താമസിക്കാത്ത ആരെങ്കിലും ബാക്കിയുണ്ടെങ്കിൽ ഉടൻ മാറണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ചെങ്ങന്നൂരിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകൾ ഒഴിഞ്ഞു തുടങ്ങി. പമ്പയാറിൽ നിന്ന് വീടുകളിലേക്ക് വെള്ളം കയറിത്തുടങ്ങിയതോടെയാണ് ആളുകള്‍ ഒഴിഞ്ഞു പോകാന്‍ തുടങ്ങിയത്. പ്രദേശത്ത് ജാഗ്രത പാലിക്കണമെന്ന് റവന്യൂ,പൊലീസ് അധികൃതർ അനൗൺസ്മെന്റ് നടത്തുന്നുണ്ട്.

 

കനത്ത മഴയില്‍ പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കീമോ വാർഡ് ,സ്ട്രോക്ക് വാർഡ് ,പാലിയേറ്റീവ് വാർഡുകളിൽ വെള്ളം കയറി. ട്രോമാകെയർ യൂണിറ്റ് പ്രവർത്തകരും മറ്റും ചേർന്ന് രോഗികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയാണ്. കനത്ത മഴയെ തുടര്‍ന്ന് അടപ്പാടിയിലെ പല ഊരുകളും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പട്ടിമാളം ഊരിൽ ഗർഭിണി ഉൾപ്പെടെ  ഏഴു പേർ കുടുങ്ങിക്കിടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 

Other News