മഴ തുടരും, സംസ്ഥാനം പ്രളയഭീതിയില്‍ 


AUGUST 9, 2019, 5:51 PM IST

തിരുവനന്തപുരം: ശനിയാഴ്ച അതിതീവ്ര മഴ പ്രവചിക്കപ്പെട്ടതിനാല്‍ പൊതുജനങ്ങള്‍ പ്രളയഭീതിയിലായി. പേടിക്കാനില്ലെന്നും ജാഗ്രതപാലിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും കഴിഞ്ഞവര്‍ഷത്തെ ദുരനുഭവത്തിന്റെ ഭീതിയിലാണ് സാധാരണക്കാര്‍. മഴ തുടരുന്ന സ്ഥിതിക്ക് വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ട് തുറക്കേണ്ടിവരുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. 

നിലവില്‍ 771.2 മീറ്റര്‍ എന്ന നിലയിലാണ് ഡാമിലെ ജലനിരപ്പ്. ഇത്773.9 എന്ന നിലയിലെത്തിയാല്‍ നിയന്ത്രിതമായി വെള്ളം തുറന്നുവിടും. 775.6 മീറ്ററാണ് ബാണാസുര സാഗറിന്റെ സംഭരണ ശേഷി. ഡാമിന്റെ സുരക്ഷക്കാണ് തങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അതുകൊണ്ടുതന്നെ ഡാം തുറന്നുവിടാന്‍ നിര്‍ബന്ധിതരാകുമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ പ്രതികരിച്ചു. കഴിഞ്ഞവര്‍ഷം ഡാം തുറന്നുവിട്ടതിനെ തുടര്‍ന്ന് കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചത്.

ഗേറ്റുള്ള 17 ഡാമുകളില്‍ ചെറിയ ഡാമുകളായ ഇരട്ടയാര്‍, കല്ലാര്‍, കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പെരിങ്ങല്‍കുത്ത് തുടങ്ങിയ ഡാമുകള്‍ നേരത്തെ തന്നെ തുറന്നതാണ്. ഇവയില്‍ നിന്ന് നിയന്ത്രിതമായ നിലയില്‍് ഇതിനോടകം വെള്ളം തുറുന്നുവിടുന്നുണ്ട്.

അതേസമയം നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ അരുവിക്കര ഡാമില്‍നിന്നും കൂടുതല്‍ ജലം പുറത്തേക്ക് ഒഴുക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ 15 സെ.മി. ആണ് ഷട്ടര്‍ ഉയര്‍ത്തിയിട്ടുള്ളത്. ഇത് 35 സെ.മി. ആയി ഉയര്‍ത്തുന്നതിനാല്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു. മഴ ശക്തമായി തുടരുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജലസേചന വകുപ്പ് കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഫോണ്‍ നമ്പര്‍: 04712324150.

അതേസമയം സംസ്ഥാനത്ത് ശനിയാഴ്ച(10 08 19) ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ളസാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.   24 മണിക്കൂറില്‍ 204 മില്ലി മീറ്ററില്‍ കൂടുതല്‍ മഴയാണ് പ്രതീക്ഷിക്കുന്നതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. സര്‍ക്കാര്‍ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകള്‍ തയ്യാറാക്കുകയുള്‍പ്പെടെയുള്ള മുന്നൊരുക്കങ്ങള്‍ നടത്തുക എന്നതുമാണ് റെഡ് അലേര്‍ട്ട് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്തങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതിനോടകം തന്നെ നിലമ്പൂരുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വന്‍മലയിടിവുണ്ടായിട്ടുണ്ട്. അതിനാല്‍ കേരള ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കൃത്യമായും പാലിക്കണമെന്ന് അധികൃതര്‍ പറഞ്ഞു.

Other News