വടക്കന്‍ ജില്ലകള്‍ പ്രളയകെടുതിയില്‍, മരണം 42, മണ്ണിനടിയില്‍ 40 പേര്‍


AUGUST 10, 2019, 12:31 PM IST

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ മഴ കുറഞ്ഞപ്പോള്‍ വടക്ക് മഴകൂടി. മലപ്പുറത്ത് നിലമ്പൂര്‍,കവളപ്പാറ,വയനാട് മേപ്പാടി,കണ്ണൂര്‍ ശ്രീകണ്ഠാപുരം,കോഴിക്കോട്മാവൂര്‍ എന്നിവിടങ്ങള്‍ വെള്ളത്തിനടയിലായി. ഭാരതപ്പുഴയില്‍ ജലനിരപ്പ് കുറഞ്ഞപ്പോള്‍ ചാലിയാര്‍ ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. അതേസമയം  ഇടുക്കിയില്‍ ഇപ്പോഴും ജലനിരപ്പ് സാധാരണനിലയിലാണെന്ന് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചു.പ്രളയത്തില്‍ തകര്‍ന്ന മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ വെള്ളിയാഴ്ച മാത്രം 398 മില്ലി മീറ്റര്‍ മഴ പെയ്തു. പ്രദേശത്ത് ഇപ്പോഴും മഴ തുടരുകയാണ്. സംസ്ഥാനത്തെ മൊത്തം 988 ദുരിതാശ്വാസ ക്യാമ്പുകളിലായി 1,07669 ആളുകളാണുള്ളത്.

രണ്ട് ദിവസം കൂടി കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. പിന്നീട് ഓഗസ്റ്റ് 15 മുതല്‍ മഴ വീണ്ടും ശക്തി പ്രാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴ് ജില്ലകളില്‍ റെഡ് അലേര്‍ട്ടും നല്‍കി കഴിഞ്ഞു. 

മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 42 ആയി. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും പെട്ട നിലമ്പൂര്‍ കവളപ്പാറ, വയനാട്ടിലെ പുത്തുമല തുടങ്ങിയ സ്ഥലങ്ങളില്‍ ഹെലികോപ്റ്ററില്‍ പോലും സൈന്യത്തിന് എത്താന്‍ കഴിയാത്ത സ്ഥിതിയാണ്.  അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാം. 40 ല്‍ അധികം പേര്‍ മണ്ണിനടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍