മഴക്കെടുതി: കേരളത്തില്‍ 1022 കോടിയുടെ കൃഷിനാശം


AUGUST 14, 2019, 12:48 PM IST

തിരുവനന്തപുരം: തുടര്‍ച്ചയായ മഴയിലും കാറ്റിലും സംസ്ഥാനത്ത് വ്യാപക കൃഷിനാശം. ഇതുവരെ 1022.43 കോടി രൂപയുടെ നാശമുണ്ടായതായാണ് റിപ്പോര്‍ട്ട്. പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളിലാണ് ഏറ്റവുമധികം കൃഷിനാശമുണ്ടായത്. പാലക്കാട്ട് 219.79 കോടിയുടെയും വയനാട്ടില്‍ 205.03 കോടിയുടെയും തൃശൂരില്‍ 131.99 കോടി രൂപയുടെയും കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

ഏറ്റവുമധികം നാശമുണ്ടായത് നെല്‍കൃഷിക്കാണ്. പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ ഉള്‍പ്പടെ 17071 ഹെക്ടറിലെ 256.04 കോടി രൂപയുടെ നെല്‍കൃഷിയാണ് വെള്ളംകയറി നശിച്ചത്. 86.06 ലക്ഷം ഏത്തവാഴകളും 40614 കായ്ഫലമുള്ള തെങ്ങുകളും നശിച്ചു. ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിപ്രകാരം നടത്തിവന്ന കൃഷി ഭൂരിഭാഗവും നശിച്ചു. 95729 കര്‍ഷകര്‍ക്കാണ് മഴയിലും വെള്ളപ്പൊക്കത്തിലും കൃഷി നഷ്ടമായത്.

വിള ഇന്‍ഷുര്‍ ചെയ്ത കര്‍ഷകര്‍ക്ക് നഷ്ടപരിഹാരത്തുകയില്‍ വര്‍ധനയുണ്ട്. തെങ്ങ് നശിച്ചവര്‍ക്ക് 500 രൂപയാണ് നഷ്ടപരിഹാരം. എന്നാല്‍ വിള ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍ 2000 രൂപ വരെ ലഭിക്കും. 25 ഇനം വിളകള്‍ക്കാണ് പരിരക്ഷ ലഭിക്കുന്നത്. ആനുകൂല്യം ലഭിക്കാന്‍ കൃഷിഭവനുമായി ബന്ധപ്പെടണം. ഇന്‍ഷുറന്‍സ് ടോള്‍ഫ്രീ നമ്പരായ 1800-425-7064ല്‍ വിളിച്ച് വിവരം അറിയിച്ചാലും ആനുകൂല്യം ലഭിക്കും.