പ്രളയം: ഇടുക്കിയും ഇടമലയാറും തുറക്കുന്നു 


OCTOBER 18, 2021, 8:28 PM IST

തിരുവനന്തപുരം: ജലനിരപ്പ് ക്രമതീതമായി ഉയര്‍ന്നതിനെതുടര്‍ന്നു കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയും മറ്റൊരു വന്‍കിട അണക്കെട്ടായ ഇടമലയാറും തുറക്കുവാന്‍ കെ എസ് ഇ ബി നിര്‍ദ്ദേശിച്ചു.

ഇടമലയാര്‍ അണക്കെട്ട് രാവിലെ ആറ് മണിയോടു കൂടിയും ഇടുക്കി അണക്കെട്ട് 11 മണിയോടുകൂടിയുമാണ് തുറന്നു ജലവിതാനം നിജപ്പെടുത്തുവാന്‍ പോകുന്നത്.

നിയന്ത്രിതമായ അളവിലാകും ജലം പുറത്തുവിടുക. അതാതു ജില്ലാ ഭരണകൂടവും ദുരന്തനിവാരണ അതൊറിറ്റിയും അന്തിമ തീരുമാനം കൈകൊള്ളും. കക്കി ഡാം തുറന്നു നിയന്ത്രിതമായ അളവിലാണ് വെള്ളമൊഴുക്കുന്നതെന്നു കെ എസ് ഇ ബി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി അശോക് പറഞ്ഞു.

ഡാമുകള്‍ നിയന്ത്രിതമായ അളവില്‍ തുറന്നുവിടുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക വേണ്ടെന്നു അദ്ദേഹം പറഞ്ഞു.

ഡാമുകളില്‍ അപകടവസ്ഥ ആയിട്ടില്ലെങ്കിലും കെ എസ് ഇ ബിയെ സംബന്ധിച്ചിടത്തോളം ഏറെ വിലപിടിപ്പുള്ള ജലം തുറന്നു വിടുന്നത് പൊതുജനതാല്‍പ്പര്യം കണക്കിലെടുത്താണെന്നു അദ്ദേഹം പറഞ്ഞു.

കനത്ത മഴയിലും പ്രകൃതി ദുരന്തത്തിലും തകരാറിലായ നാലര ലക്ഷത്തോളം വൈദ്യുതി കണക്ഷനുകള്‍ പുന:സ്ഥാപിച്ചതായി കെ എസ് ഇ ബി ഡയറക്ടര്‍ എസ് രാജ്കുമാര്‍ അറിയിച്ചു.

ദുരിതാശ്വാസ ക്യാമ്പുകളിലെല്ലാം വൈദ്യുതി എത്തിച്ചതായി അദ്ദേഹം പറഞ്ഞു.

വൈദ്യുതി ഭവനില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ കെ എസ് ഇ ബി ഡയറക്ടര്‍മാരും ചീഫ് എഞ്ചിനീയര്‍ ഡാം സേഫ്റ്റി, എക്‌സ്പര്‍ട്ട് ഗ്രൂപ്പ് കമ്മിറ്റി അംഗവും പങ്കെടുത്തു.

Other News