നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു


AUGUST 1, 2020, 3:53 PM IST

മലപ്പുറം: പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം അന്തരിച്ചു. 53 വയസായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കരള്‍ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കോവിഡ് പരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മലയാളികളുടെ മനസില്‍ ഇടംപിടിച്ച ഒരുപിടി നാടന്‍പാട്ടുകള്‍ ജിതേഷിന്റേതായി പുറത്തുവന്നിട്ടുണ്ട്. കൈതോല പായ വിരിച്ചു, പാലോം പലോം നല്ല നടപ്പാലം എന്നിങ്ങനെ പാട്ടുകളുടെ രചനയും ഈണവും ജിതേഷിന്റേതായിരുന്നു. പെയിന്റിംഗ് തൊഴിലാളിയായിരുന്ന ജിതേഷ് വര്‍ഷങ്ങള്‍ക്കുമുമ്പ് അവിചാരിതമായി എഴുതിയ പാട്ടാണ് മലയാളികള്‍ വര്‍ഷങ്ങളായി ഏറ്റുപാടിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പാട്ടുകളുടെ പിന്നില്‍ ജിതേഷായിരുന്നുവെന്ന് മലയാളികള്‍ അറിഞ്ഞുതുടങ്ങിയിട്ട് അധികമായിട്ടില്ല. ആതിരമുത്തന്‍ എന്ന പേരില്‍ സ്വന്തമായി നാടന്‍പാട്ട് സംഘവും നടത്തുന്നുണ്ട്.

Other News