ആനക്കൊമ്പുകേസിൽ മോഹൻലാലിനെ അനുകൂലിച്ച് വനംവകുപ്പ് 


JULY 19, 2019, 7:40 PM IST

കൊച്ചി: അനധികൃതമായി ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാലിന് അനുകൂലമായി വനം വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. ആനക്കൊമ്പുകൾ പരമ്പരാഗതമായി കൈമാറി ലഭിച്ചതാണെന്ന മോഹൻലാലിന്‍റെ വാദം ശരിയാണെന്ന് ഫോറസ്റ്റ് ചീഫ് പ്രിൻസിപ്പൽ കൺസർവേറ്റർ സമർപ്പിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നു. 

നിയമപരമല്ലാത്ത വഴിയിലൂടെയാണ് ആനക്കൊമ്പ് കൈക്കലാക്കിയതെന്ന വാദം നിലനിൽക്കുന്നതല്ല.ആനക്കൊമ്പു കൈവശം വെച്ചതിന് മോഹൻലാലിനെതിരെ തുടർ നടപടി വേണ്ടെന്നും സ്വകാര്യ ഹർജി തള്ളണമെന്നും പബ്ലിസിറ്റിക്ക് വേണ്ടിയാണ് ഹർജിക്കാരൻ കോടതിയെ സമീപിച്ചതെന്നും  വനംവകുപ്പിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

കേസില്‍ അന്വേഷണം ഊര്‍ജിതമാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി വനംവകുപ്പിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു. ഇതിലാണ് വനംവകുപ്പ് വിശദീകരണം നല്‍കിയത്.എറണാകുളം ഉദ്യോഗമണ്ഡല്‍ സ്വദേശി എ.എ. പൗലോസ് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ബെഞ്ച് പരിഗണിച്ചത്. നാല് ആനക്കൊമ്പുകളുടെ ഉടമസ്ഥത സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിന് നല്‍കിയ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്നതടക്കം ആവശ്യങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്.

മുന്‍കൂര്‍ അനുമതിയില്ലാതെ ആനക്കൊമ്പ് കൈവശം വെക്കരുതെന്ന വന്യജീവി സംരക്ഷണ നിയമത്തിലെ 39 (3) വകുപ്പ് പ്രകാരം മോഹന്‍ലാലിന് ഉടമസ്ഥാവകാശം നല്‍കിയ നടപടി റദ്ദാക്കണമെന്നും ആനക്കൊമ്പ് സര്‍ക്കാരിലേക്ക് മുതല്‍കൂട്ടണമെന്നും ഹര്‍ജിയിൽ ആവശ്യമുന്നയിച്ചു.

കൊച്ചി തേവരയിലെ മോഹൻലാലിന്‍റെ ഫ്ലാറ്റിൽ നിന്ന് 2012 ജൂണിലാണ് ആദായനികുതി വകുപ്പ് റെയ്‍ഡിൽ ആനക്കൊമ്പ് കണ്ടെത്തിയത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡ്‌. ആനക്കൊമ്പ് സൂക്ഷിക്കാൻ ലൈസൻസ് ഇല്ലാത്ത മോഹന്‍ലാല്‍ മറ്റ് രണ്ട് പേരുടെ ലൈസൻസിലാണ് ആനക്കൊമ്പുകള്‍ സൂക്ഷിച്ചത് എന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

കേസിൽ നേരത്തെ മോഹൻലാലിന് വേണ്ടി  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ മകൾ രശ്‌മി ഗൊഗോയ് ഹൈക്കോടതിയിൽ ഹാജരായിരുന്നു. 

Other News