ജാതി അധിക്ഷേപം: കോണ്‍സ്റ്റബിളിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്  ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് അറസ്റ്റില്‍


AUGUST 20, 2019, 3:45 PM IST

പാലക്കാട്: ജാതീയമായി അധിക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് പോലീസ് കോണ്‍സ്റ്റബിള്‍ ആത്മ ഹത്യ ചെയ്ത സംഭവത്തില്‍ മേലുദ്യോഗസ്ഥന്‍ അറസ്റ്റില്‍.എ ആര്‍ ക്യാമ്പ് കോണ്‍സ്റ്റബിള്‍ അഗളി സ്വദേശി കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ക്യാമ്പ് മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍ സുരേന്ദ്രനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.

മേലുദ്യോഗസ്ഥന്റെയും ചില കോണ്‍സ്റ്റബിള്‍മാരുടെയും പീഡനത്തെ തുടര്‍ന്ന് കുമാര്‍ ആത്മഹത്യ ചെയ്തുവന്നാണ് കേസ്. ക്യാമ്പില്‍ നിരന്തരപീഡനവും ജാതീയ അവഹേളനവും നേരിട്ടതായും കുമാറിന്റെ ആത്മഹത്യകുറിപ്പില്‍ പറയുന്നു. കഴിഞ്ഞ മാസം 25ന് ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപമാണ് കുമാറിന്റെ ജഡം കണ്ടെത്തിയത്.സംഭവത്തില്‍ ക്യാമ്പിലെ ഏഴു പൊലീസുകാരെ എസ് പി ജി. ശിവവിക്രമം സസ്‌പെന്‍ഡ് ചെയ്തു. ഒറ്റപ്പാലം സിഐ അന്വേഷിച്ചിരുന്ന കേസ് പിന്നീട് സര്‍ക്കാര്‍ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ആരോപണവിധേയര്‍ക്കെതിരെ കേസെടുത്ത ക്രൈംബ്രാഞ്ച് എസ് ടി സ്‌പെഷല്‍ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. ക്യാമ്പ് ഡി സി എല്‍.സുരേന്ദ്രനെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ 31 ന് സുരേന്ദ്രന്‍ സര്‍വീസില്‍ നിന്നു വിരമിച്ചിരുന്നു.

Other News