മരട്: മുന്‍ പഞ്ചായത്ത് സെക്രട്ടറിയും നിര്‍മാണ കമ്പനി ഉടമയും അറസ്റ്റില്‍


OCTOBER 15, 2019, 5:33 PM IST

കൊച്ചി: മരട് ഫ്‌ളാറ്റ് നിര്‍മാണത്തിലെ അപാകത അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഭവത്തില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹോളി ഫെയ്ത്ത് ഫ്‌ളാറ്റിന്റെ മാനേജിങ് ഡയറക്ടര്‍ സാനി ഫ്രാന്‍സിസ് അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഇവര്‍ നേരത്തെ കസ്റ്റഡിയിലായിരുന്നു.

മരട് മുന്‍ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, ജൂനിയര്‍ സൂപ്രണ്ടായിരുന്ന പി.ജോസഫ് എന്നിവരും അറസ്റ്റിലായിട്ടുണ്ട്.  ഇവരടക്കം മൂന്ന് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ കേസില്‍ പ്രതികളാണ്.  ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ഇവരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

 പഞ്ചായത്ത് ഉദ്യോഗസ്ഥരെ പ്രതി ചേര്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതി ലഭ്യമായതിനെ തുടര്‍ന്നാണ് നടപടി. ഫ്‌ളാറ്റ് നിര്‍മിച്ചപ്പോള്‍ ഉണ്ടായിരുന്ന പഞ്ചായത്ത് സെക്രട്ടറിയാണ് മുഹമ്മദ് അഷ്‌റഫ്. അഴിമതി നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.പഞ്ചായത്ത് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ഉടമകള്‍ ഫ്‌ളാറ്റ് നിര്‍മ്മാണം നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.ജയറാം എന്ന മറ്റൊരു പഞ്ചായത്ത് ജീവനക്കാരനേയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ടെങ്കിലും കസ്റ്റഡിയിലെടുത്തിട്ടില്ല.