ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ഇന്നു മുതല്‍ ഏപ്രില്‍ രണ്ട് വരെ കുമരകത്ത്


MARCH 30, 2023, 1:52 PM IST

കോട്ടയം: ഇന്ത്യയുടെ ജി 20 അധ്യക്ഷപദത്തിനു കീഴിലുള്ള ജി 20 ഷെര്‍പ്പമാരുടെ രണ്ടാം യോഗം ഇന്നു മുതല്‍ ഏപ്രില്‍ രണ്ട് വരെ കുമരകത്തു നടക്കും. ഇന്ത്യയുടെ ജി 20 ഷെര്‍പ്പ അമിതാഭ് കാന്ത് അധ്യക്ഷനാകും. ജി 20 അംഗങ്ങള്‍, ക്ഷണിക്കപ്പെട്ട ഒന്‍പത് രാഷ്ട്രങ്ങള്‍, വിവിധ അന്താരാഷ്ട്ര- പ്രാദേശിക സംഘടനകള്‍ എന്നിവയില്‍ നിന്നുള്ള 120 ലധികം പ്രതിനിധികള്‍ പങ്കെടുക്കും.

നാലു ദിവസത്തെ സമ്മേളനത്തില്‍ ജി20 യുടെ സാമ്പത്തിക-വികസന മുന്‍ഗണനകളെക്കുറിച്ചും സമകാലിക ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കും. നയപരമായ സമീപനങ്ങളിലും കൃത്യമായ നടപ്പാക്കലിലും ചര്‍ച്ചകള്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

ആഗോളതലത്തില്‍ ആശങ്കയുണര്‍ത്തുന്ന നിരവധി വിഷയങ്ങള്‍ ഷെര്‍പ്പമാരുടെ രണ്ടാം യോഗത്തി ചര്‍ച്ചയാകും. കൂടാതെ ഷെര്‍പ്പ ട്രാക്കിനുള്ളിലെ 13 പ്രവര്‍ത്തക സമിതികള്‍ക്ക് കീഴില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളും ചര്‍ച്ചയാകും. പതിനൊന്ന് നിര്‍വഹണ സമിതികളും നാല് സംരംഭങ്ങളും (ഗവേഷണ-നവീകരണ സംരംഭ സദസ് അഥവാ ആര്‍ഐഐജി, അധികാരസമിതി, ബഹിരാകാശ സാമ്പത്തിക തലവന്മാരുടെ യോഗം അഥവാ എസ്ഇഎല്‍എം, മുഖ്യ ശാസ്ത്ര ഉപദേഷ്ടാക്കളുടെ വട്ടമേശാ സമ്മേളനം അഥവാ സിഎസ്എആര്‍) പൊതുസമൂഹം, സ്വകാര്യ മേഖല, പഠന-ഗവേഷണ വിഭാഗം, സ്ത്രീകള്‍, യുവാക്കള്‍, ശാസ്ത്രപുരോഗതി,

ഗവേഷണം എന്നിവയുടെ വീക്ഷണത്തില്‍ നിന്നു നയശുപാര്‍ശകള്‍ നല്‍കും.

ഈ കാലഘട്ടത്തിലെ വൈവിധ്യമാര്‍ന്ന ആഗോള വെല്ലുവിളികള്‍, വികസ്വര രാജ്യങ്ങളുടെ ആശങ്കകള്‍, സമാനമായ അന്താരാഷ്ട്ര കാര്യപരിപാടികള്‍, പ്രത്യേകിച്ചു വികസനവും പരിസ്ഥിതി അജണ്ടയും മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള കൂട്ടായ പ്രവര്‍ത്തനത്തിന്റെ ആവശ്യകത എന്നിവ കണക്കിലെടുത്താണ് ഇന്ത്യ ജി20 മുന്‍ഗണനകള്‍ തിരഞ്ഞെടുത്തത്.

Other News