18 മാസം കൂടിയേ ഉള്ളൂ, ഉപദ്രവിക്കരുത്: പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി സുധാകരന്‍


OCTOBER 10, 2019, 11:07 PM IST

ആലപ്പുഴ:പൂതന പരാമര്‍ശം വിവാദ വിഷയമല്ലെന്ന് മന്ത്രി ജി സുധാകരന്‍. ഇതിന്‍റെ പേരില്‍ തന്നെ ഉപദ്രവിക്കരുത്.ഇനി ഈ പരിപാടിക്ക് ഇല്ലെന്നും മന്ത്രി പറഞ്ഞു.

മന്ത്രിസ്ഥാനം ഒഴിയാന്‍ പതിനെട്ട് മാസം കൂടിയേ ഉള്ളൂ. താന്‍ എന്തെങ്കിലുമൊക്കെ ചെയ്‌തിട്ടങ്ങ് പൊയ്‌ക്കോളാമെന്നും അദ്ദേഹം പറഞ്ഞു.ആവശ്യമില്ലാത്ത ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യമില്ല. താന്‍ ചെയ്തതുപോലെ വികസനപ്രവര്‍ത്തനങ്ങള്‍ ആലപ്പുഴയില്‍ മറ്റാരും ചെയ്തിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആരേയും പേരെടുത്തു പറയാതെ നടത്തിയ പരാമര്‍ശം ദുരുദ്ദേശ്യപരമല്ലെന്നാണ് മനസിലാക്കുന്നതെന്നും അതിനാല്‍ മന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന നിഗമനത്തിലാണ് എത്തുന്നതെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നേരത്തെ വ്യക്തമാക്കിയിരുന്നു.

പൂതന പരാമര്‍ശത്തില്‍ മന്ത്രിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ യു ഡി എഫ് സ്ഥാനാർഥി ഷാനിമോള്‍ ഉസ്‌മാന് കഴിഞ്ഞില്ലെന്നായിരുന്നു ആലപ്പുഴ ജില്ലാകളക്‌ടർ ഡോ അദീല അബ്‌ദുള്ള മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറിനു റിപ്പോര്‍ട്ട് നൽകിയത്.

Other News