ജാതീയ അധിക്ഷേപം; യൂത്ത് കോണ്‍ഗ്രസിനെതിരെ ഗീതാ ഗോപി എംഎല്‍എ പരാതി നല്‍കി


JULY 28, 2019, 3:53 PM IST

തൃശൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ ജാതിയുടെ പേരില്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ച് നാട്ടിക എം.എല്‍.എ ഗീതാ ഗോപി പൊലീസില്‍ പരാതി നല്‍കി. ചേര്‍പ്പ് - തൃപ്രയാര്‍ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് ഓഫീസിനു മുന്നില്‍ എം.എല്‍.എ കഴിഞ്ഞ ദിവസം കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ഇതിനു പിന്നാലെ എം.എല്‍.എയുടേത് സമര നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഈ സ്ഥലത്ത് ചാണകവെള്ളം തളിച്ച് കഴുകി. ഇതേത്തുടര്‍ന്നാണ് ജാതീയമായി അധിക്ഷേപിച്ചെന്ന ആരോപണവുമായി എം.എല്‍.എ പൊലീസിനെ സമീപിച്ചത്.ചാണവെള്ളം തളിച്ച് കഴികിയതിലൂടെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിക്കുകയായിരുന്നെന്നാണ് എം.എല്‍.എ പരാതിയില്‍ പറയുന്നത്. നിയമസഭാംഗത്തോട്  ഇങ്ങനെയാണെങ്കില്‍ ഒരു സാധാരണ സ്ത്രീയോടുള്ള പെരുമാറ്റം എങ്ങനെയായിരിക്കുമെന്നും പരാതിയില്‍ ചോദിക്കുന്നു.  മുഖ്യമന്ത്രിയ്ക്കും നിയമമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കുമെന്നും എം.എല്‍.എ വ്യക്തമാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം ചേര്‍പ്പ് - തൃപ്രയാര്‍ റോഡില്‍ ഒരു ബൈക്ക് യാത്രികന്‍ അപകടത്തില്‍പ്പെട്ടിരുന്നു. അതുവഴി കാറില്‍ പോകുകയായിരുന്ന എം.എല്‍.എ സംഭവസ്ഥലത്ത് ഇറങ്ങി. ഇതിനിടെ റോഡ് നന്നാക്കാത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ എംഎല്‍എയെ വഴിയില്‍ തടഞ്ഞു. തുടര്‍ന്നാണ് റോഡ് നന്നാക്കണമെന്ന് ആവശ്യപ്പെട്ട് ചേര്‍പ്പ് പൊതുമരാമത്ത് ഓഫീസിന് മുന്നില്‍ എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയത്. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥറുടെ ഉറപ്പിനെ തുടര്‍ന്നാണ് എം.എല്‍എ പിന്നീട് സമരം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് എം.എല്‍.എയുടേത് രാഷ്ട്രീയ നാടകമാണെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാണകവെള്ളം തളിച്ചത്.

Other News