കരിപ്പൂരില്‍  നിന്ന് രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി


JULY 25, 2019, 5:17 PM IST

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട. ദുബായില്‍ നിന്നുവന്ന യാത്രക്കാരനില്‍ നിന്ന് രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് 78 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്. അബുദാബിയില്‍ നിന്ന് ബുധനാഴ്ച കരിപ്പൂരില്‍ എത്തിയ ഇത്തിഹാദ് എയര്‍വെയ്‌സില്‍ നിന്നാണ് 19 സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കസ്റ്റംസ് വിഭാഗം പിടികൂടിയത്.

2216 ഗ്രാം സ്വര്‍ണ ബിസ്‌ക്കറ്റുമായി ദുബായില്‍ നിന്നെത്തിയ മലപ്പുറം ചീക്കോട് സ്വദേശി ത്വല്‍ഹത്ത് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായി. കസ്റ്റംസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ കണ്ടെടുത്തത്.മൈക്രോവേവ് ഓവനിലെ ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. കസ്റ്റംസ് ഡെപ്യുട്ടി കമ്മീഷണര്‍ ഇ എസ് നിഥിന്‍ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണ ബിസ്‌ക്കറ്റുകള്‍ പിടികൂടിയത്. പിടിയിലായ ത്വല്‍ഹത്തിനെ ചോദ്യം ചെയ്യുകയാണ്. ഇയാള്‍ ആദ്യമായാണ് സ്വര്‍ണക്കടത്തില്‍ പിടിയിലാവുന്നത്.തിങ്കളാഴ്ച കരിപ്പൂരില്‍ 20 ലക്ഷം രൂപയുടെ സ്വര്‍ണ്ണം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയിരുന്നു. 804 ഗ്രാം മിശ്രിത രൂപത്തിലുള്ള സ്വര്‍ണവും 7 ലാപ്‌ടോപ്പും 2 ഐഫോണുമാണ് കസ്റ്റംസ് പിടിച്ചത്. മഞ്ചേരി എളങ്കൂര്‍ സ്വദേശി ഉവൈസില്‍ നിന്നാണ് ഇവ കണ്ടെടുത്തത്.

Other News