ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു


AUGUST 7, 2019, 3:39 PM IST

തിരുവനന്തപുരം:   മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയ  തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെനടപടിക്കെതിരെ  സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ശ്രീറാം വെങ്കിട്ടരാമന് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കും.

അതിനിടയില്‍ ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യ നില പരിശോധിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്നു. ശ്രീരാമിനെ ബുധനാഴ്ച ഡിസ്ചാര്‍ജ് ചെയ്യേണ്ടതില്ലെന്നാണ് തീരുമാനം. ശ്രീറാം ഐസിയുവില്‍ തന്നെ തുടരും. വ്യാഴാഴ്ച മെഡിക്കല്‍ ബോര്‍ഡ് യോഗം വീണ്ടും ചേരും.

ശ്രീറാമിന്റെ രക്തപരിശോധനാ റിപ്പോര്‍ട്ടാണ് ജാമ്യം ലഭിക്കാന്‍ സഹായകരമായത്. അപകട സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് തെളിയിക്കാനായില്ല. വാഹനാപകടക്കേസില്‍ റിമാന്‍ഡിലുള്ള ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നെന്ന് എങ്ങനെ മനസിലായെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പൊലീസിനോട് കോടതി ചോദിച്ചിരുന്നു.അപകടം നടന്ന് ഒമ്പത് മണിക്കൂറിനു ശേഷമാണ് പരിശോധനയ്ക്കായി ശ്രീറാമിന്റെ രക്തമെടുത്തത്. ഇതാണ് ശ്രീറാം മദ്യപിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള നിര്‍ണായക രാസപരിശോധനാഫലം ശ്രീറാമിന് അനുകൂലമാകാനിടയാക്കിയത്.

Other News