കരുവന്നൂര്‍; നിക്ഷേപകര്‍ക്ക് തുക തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ 


AUGUST 10, 2022, 6:46 PM IST

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് നിക്ഷേപകര്‍ക്ക് തുക തിരിച്ചുനല്‍കുമെന്ന് ഹൈക്കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉന്നതാധികാര സമിതി ചേര്‍ന്ന് പരിഹാരം ചര്‍ച്ച ചെയ്‌തെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

തുക തിരിച്ച് നല്‍കാനുള്ള നടപടിക്രമങ്ങള്‍ എന്താണെന്ന കോടതിയുടെ ചോദ്യത്തിന് കേരള ബാങ്കില്‍ നിന്നുള്‍പ്പെടെ വായ്പകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പണം അത്യാവശ്യമുള്ളവര്‍ ബാങ്കിനോട് രേഖാമൂലം ആവശ്യപ്പെടണമെന്നും കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

നിക്ഷേപങ്ങള്‍ തിരികെ നല്‍കുന്നതിന് 35 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്ന് സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു. കേരള ബാങ്കില്‍ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോര്‍ഡില്‍ നിന്നും 10 കോടി രൂപയുമാണ് ഇതിനായി ലഭ്യമാക്കുകയെന്നും അദ്ദേഹം പറഞ്ഞു.

കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ ആസ്തികളുടെ ഈടിന്മേലാണ് 25 കോടി രൂപ കേരള ബാങ്ക് അനുവദിക്കുന്നത്. കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ കൈവശമുള്ള സ്വര്‍ണ്ണവും മറ്റു ബാധ്യതകളില്‍പെടാത്ത സ്ഥാവര വസ്തുക്കളുമാണ് കേരള ബാങ്കിന് ഈടായി നല്‍കുന്നത്. അതുകൊണ്ട് നിക്ഷേപകര്‍ക്ക് ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെന്നും അവരുടെ നിക്ഷേപത്തിന് എല്ലാവിധ സംരക്ഷണവും ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

അതിനിടെ, കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനെത്തുടര്‍ന്ന് ബാങ്ക് ഹെഡ് ഓഫീസിലും കേസിലെ പ്രതികളുടെ വീട്ടിലും ഇ ഡി റെയ്ഡ് നടത്തി. ഒരേസമയം പ്രതികളുടെ വീട്ടിലും ബാങ്കിലുമായാണ് പരിശോധന നടത്തിയത്. സഹകരണ ബാങ്ക് പ്രസിഡന്റ്, സെക്രട്ടറി എന്നിവരുടെ വീട്ടിലും മുഖ്യപ്രതി ബിജോയി, പ്രതികളായ സുനില്‍ കുമാര്‍, ബിജു കരീം എന്നിവരുടെ വീടുകളിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്.

കൊച്ചിയില്‍ നിന്നുള്ള എ സി പി രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള 75 അംഗ ഇ ഡി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ബിനാമി നിക്ഷേപം നടത്തിയതിന്റെ രേഖകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധനയെന്നാണ് വിവരം. കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിലവില്‍ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. തട്ടിപ്പ് സംബന്ധിച്ച് ഇരിങ്ങാലക്കുട പൊലീസ് കേസെടുത്ത് ഒരു വര്‍ഷം തികയുകയാണ്. ഇനിയും കുറ്റപത്രം നല്‍കാനായിട്ടില്ല.

Other News