മന്ത്രിസഭയുടെ തീരുമാനങ്ങള്‍ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല: മുഖ്യമന്ത്രി


SEPTEMBER 21, 2022, 7:12 PM IST

തിരുവനന്തപുരം: മന്ത്രിസഭയുടെ തീരുമാനം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന പറയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ നിരസിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് ഷംസെര്‍ സിംഗ് കേസിലെ സുപ്രിം കോടതി വിധി പറഞ്ഞിരുന്നെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. 

ഗവര്‍ണര്‍ രാജ്ഭവനില്‍ നടത്തിയ വാര്‍ത്താ സമ്മേളനം രാജ്യത്ത് അസാധാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ സാധാരണ നിന്ന് പറയുന്നത് അന്ന് ഇരുന്നു കൊണ്ട് പറഞ്ഞു. സര്‍ക്കാര്‍- ഗവര്‍ണര്‍ ആശയവിനിമയത്തിന് മാര്‍ഗങ്ങളുണ്ട്. വിയോജിപ്പ് ഉണ്ടെങ്കില്‍ അറിയിക്കാം. അതിനു പകരം ഗവര്‍ണര്‍ പരസ്യ നിലപാട് എടുക്കുകയായിരുന്നെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 

ഈ രീതിയില്‍ പരസ്യ നിലപാട് എടുക്കുന്നത് കൊണ്ടാണ് ഇവിടെ വിഷയം പരാമര്‍ശിക്കുന്നത്. ഭരണഘടനയാണ് വലുത്. അത് അനുസരിച്ച് ഗവര്‍ണറാണ് സംസ്ഥാനത്തിന്റെ ഭരണഘടന തലവന്‍. എക്സിക്യൂട്ടീവ് പവര്‍ സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഒരു നിയമത്തിനും തീരുമാനത്തിനും വ്യക്തിപരമയ ഉത്തരവാദിത്തമില്ല. അത് സര്‍ക്കാരിനാണ്. കേന്ദസര്‍ക്കാര്‍ ഏജന്റിനെ പോലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്ന സംഭവമുണ്ടായിട്ടുണ്ട്. അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പ്രശംസയും സ്നേഹവും വാരിക്കോരി നല്‍കിയത് ആര്‍ എസ് എസിനാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഘടനകളില്‍ നിന്ന് അകലം പാലിക്കേണ്ട ഭരണഘടന പദവിയാണ് ഗവര്‍ണറുടേതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

താന്‍ ആര്‍ എസ് എസ് പിന്തുണയുള്ള ആളാണെന്ന് ഊറ്റം കൊള്ളുന്നത് ശരിയാണോ എന്ന് പരിശോധിക്കണം. ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപക സംഘങ്ങളുടെ കേന്ദ്രമാക്കിയിരിക്കുകയാണ്. ആര്‍ എസ് എസിനോട് ഇടതുപക്ഷത്തിന് കൃത്യമായ നിലപാടുണ്ട്. വര്‍ഗീയതയുടെയും വിഭാഗീയതയുടെ വക്താക്കളാണ് ആര്‍ എസ് എസ്. ലോകം അറിയുന്ന ചരിത്രകാരനെയാണ് ഗവര്‍ണര്‍ ഗുണ്ട എന്ന് വിളിച്ചത്. 90 വയസുകാരനായ ഇര്‍ഫാന്‍ ഹബീബ് വധിക്കാന്‍ ശ്രമിച്ചു എന്നാണ് പറയുന്നത്. രാജ്യത്ത് എമ്പാടും ഗവര്‍ണര്‍മാരും സര്‍ക്കാറുമായി നടക്കുന്ന തര്‍ക്കങ്ങളില്‍ പ്രധാനം വി സി നിയമനവുമായി ബന്ധപ്പെട്ടാണ്. രാജസ്ഥാന്‍, തമിഴ്നാട് സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ച് സംഘപരിവാര്‍ ബന്ധമുള്ള വി സിമാരെ നിയമിക്കാനാണ് നീക്കം. സര്‍വകലാശാലകളില്‍ പിന്‍സീറ്റ് ഡ്രൈവിങ്ങാണ് ആര്‍ എസ് എസ് ലക്ഷ്യമിടുന്നത്. സര്‍വകലാശാലകളെ രാഷ്ട്രീയ പരീക്ഷണ ശാലയാക്കാനാണ് ആര്‍ എസ് എസ് ശ്രമമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Other News