ലോക്ഡൗണ്‍ കാലത്തെ മദ്യ വിതരണത്തിന് ഹൈക്കോടതി സ്‌റ്റേ


APRIL 2, 2020, 12:47 PM IST

കൊച്ചി: മദ്യാസക്തര്‍ക്ക് ലോക്ഡൗണ്‍ കാലത്ത് ബിവറേജസ് വഴി മദ്യം വീട്ടില്‍ ലഭ്യമാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്‌റ്റേ. സര്‍ക്കാറിന് സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ ഒരാഴ്ച സമയം അനുവദിച്ച ഹൈക്കോടതി മൂന്നാഴ്ചത്തേക്കാണ് സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്തിരിക്കുന്നത്. 

സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിനെതിരെ ടി.എന്‍ പ്രതാപന്‍ നല്കിയ ഹര്‍ജി വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എയും കോടതിയെ സമീപിച്ചിരുന്നു. 

മദ്യാസക്തര്‍ക്ക് മദ്യം കിട്ടാതെ വരുമ്പോള്‍ രോഗലക്ഷണം കാണിക്കുന്ന നിരവധി പേരുണ്ടെന്ന സര്‍ക്കാര്‍ വാദത്തിനെതിരെ എന്തു ശാസ്ത്രീയ അടിത്തറയാണ് ഉത്തരവിനുള്ളതെന്ന ചോദ്യമാണ് കോടതി ഉന്നയിച്ചത്. മദ്യാസക്തര്‍ക്ക് മദ്യം നല്കുന്നു എന്നതിനപ്പുറം എന്തുകാര്യാണ് ഇതില്‍ പറയാനുള്ളതെന്നും കോടതി ചോദിച്ചു. മരുന്നായി മദ്യം തന്നെ നല്കിയാല്‍ പിന്നെങ്ങനെയാണ് ആസക്തി കുറയുകയെന്നും കോടതി ചോദിച്ചു. 

ബിവറേജസ് വഴി മദ്യം നല്കാനുള്ള ഉത്തരവിനെ ഹൈക്കോടതിയില്‍ പൂര്‍ണ്ണമായും ന്യായീകരിക്കുകയായിരുന്നു സര്‍ക്കാര്‍. എല്ലാവരേയും ഈ സമയത്ത് ചികിത്സക്ക് കൊണ്ടുപോകാനാവില്ലെന്നും അതിനുള്ള സൗകര്യം സംസ്ഥാനത്തില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. 

മദ്യം പൂര്‍ണമായും നിരോധിച്ച സംസ്ഥാനങ്ങളില്‍ പോലും ഡോക്ടറുടെ കുറിപ്പടിയോടെ മദ്യം ലഭ്യമാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. അതുമാത്രമാണ് ഉദ്ദേശിച്ചതെന്നും സര്‍ക്കാര്‍ വാദിച്ചു. 

മദ്യം എഴുതിക്കൊടുക്കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിക്കുന്നില്ലെന്ന് വിശദീകരിച്ച സര്‍ക്കാറിനോട് ഡോക്ടര്‍മാരാരും കുറിപ്പടിയില്‍ മദ്യം എഴുതില്ലെന്ന് പറഞ്ഞല്ലോ എന്നും അപ്പോള്‍ സര്‍ക്കാറിന്റെ ഉത്തരവുകൊണട് എന്തുകാര്യമെന്നും കോടതി തിരിച്ചു ചോദിച്ചു.

സര്‍ക്കാര്‍ ഉത്തരവ് യുക്തിരഹിതമാണെന്നും ഡോക്ടര്‍മാരെ അവഹേളിക്കുന്നതിന് തുല്യമാണ് ഉത്തരവെന്നുമുള്ള വാദങ്ങളും കോടതി അംഗീകരിച്ചു. 

പാസ് ഉള്ളവര്‍ക്ക് ബിവറേജസ് കോര്‍പറേഷന്‍ ജീവനക്കാര്‍ മദ്യം വീട്ടില്‍ എത്തിച്ചു നല്കുമെന്നും സര്‍വീസാ ചാര്‍ജായി നൂറുരൂപ ഈടാക്കുമെന്നുമായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. രണ്ട് ഉത്തരവുകളും ഹൈക്കോടതി സ്‌റ്റേ ചെയ്തിട്ടുണ്ട്.

Other News