76 മരണം;1639 ക്യാമ്പുകളിലായി 2,61,249 ആളുകൾ,റെഡ് അലർട്ടില്ല  


AUGUST 12, 2019, 4:28 AM IST

തിരുവനന്തപുരം: മഴയുടെ തീവ്രത കുറഞ്ഞതോടെ സൈന്യത്തിന്റെ സഹായത്തോടെ ഊര്‍ജ്ജിതമാക്കിയ രക്ഷാപ്രര്‍ത്തനത്തില്‍ ഇന്നലെ വിവിധ ദുരന്ത മേഖലകളില്‍ നിന്നും  19 മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. ഇതോടെ കനത്ത മഴയിലും ഉരുള്‍പൊട്ടലിലും മരണം 76 ആയി. 

കൊടിയ ദുരന്തം സംഭവിച്ച നിലമ്പൂര്‍ കവളപ്പാറയില്‍ നിന്ന് നാല് ജ‌ഡങ്ങള്‍ കൂടി കണ്ടെത്തി. മൊത്തം 13 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് ഇതുവരെ കിട്ടിയത്. ഇനിയും അന്‍പതിലധികം പേര്‍ മണ്ണിനടിയില്‍ ഉണ്ടെന്നാണ് കരുതുന്നത്. വയനാട് പുത്തുമലയില്‍10 മൃതദേഹങ്ങളും കണ്ടെത്തി.എട്ടു പേര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മഴ മാറിയതോടെ രണ്ടിടത്തും തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

സംസ്ഥാനത്താകെ  1639 ക്യാംപുകളിലായി 75,636 കുടുംബങ്ങളിലെ 2,61,249 പേരാണുള്ളത്.കവളപ്പാറയില്‍ ഏഴു വയസുകാരി അലീനയുടെ മൃതദേഹവും പുത്തുമലയില്‍ തമിഴ്നാട് സ്വദേശി റാണിയുടെ (60) മൃതദേഹവും  മലപ്പുറം കോട്ടക്കുന്നില്‍ കാണാതായ നാല് പേരില്‍ രണ്ടു പേരുടെ മൃതദേഹങ്ങളും ഇന്നലെ കണ്ടെത്തി. കോഴിക്കോട് കുറ്റിയാടിയില്‍ ഒരു മൃതദേഹം കണ്ടെത്തിയതോടെ ജില്ലയിലെ മരണം16 ആയി.കണ്ണൂര്‍ പെര്‍ളശേരിയില്‍ വെള്ളക്കെട്ടില്‍കാണാതായ ഇക്ബാല്‍ (39) , കോട്ടയം മാണിക്കുന്നത്ത് തോട്ടില്‍വീണ് കാണാതായ നന്ദു (19), ചിന്നക്കനാല്‍ ആനയിറങ്കല്‍ ഡാമില്‍ വീണ് കാണാതായ ഈട്ടിക്കല്‍ സാബു (55) എന്നിവരുടെ മൃതദേഹങ്ങളും കിട്ടി.

മണ്ടേരി വാണിയമ്പുഴയിലെ ആദിവാസി കോളനിയില്‍ കുടുങ്ങിയ 200 ആദിവാസികള്‍ക്ക് സൈന്യം ഹെലികോപ്‌റ്ററില്‍ ഭക്ഷണമെത്തിച്ചു. ഇവരില്‍ ഒമ്പതു പേര്‍ സാഹസികമായി പുഴ നീന്തിക്കടന്ന് പുറത്തെത്തി.

മലപ്പുറം ജില്ലയില്‍ ഒറ്റപ്പെട്ട മുണ്ടേരി ഉള്‍പ്പെടെ പല ഭാഗങ്ങളിലും മിഗ് 17 വിമാനങ്ങളാണ് ഭഷണസാധനങ്ങള്‍ ഇട്ടുകൊടുത്തത്.എറണാകുളം ജില്ലയില്‍ 54 ക്യാമ്പുകളിലെ 3471 പേര്‍ ഇന്നലെ വീടുകളിലേക്ക് മടങ്ങി. ജില്ലയില്‍ 22,407 പേര്‍ 113 ക്യാമ്പുകളിലുണ്ട്. കോട്ടയം ജില്ലയില്‍ മീനച്ചലില്‍ അഞ്ച് ക്യാമ്പുകള്‍ പിരിച്ചു വിട്ടപ്പോള്‍ വൈക്കത്ത് ഏഴുക്യാമ്പുകള്‍ കൂടി തുറന്നു.

വടക്കന്‍ കേരളത്തില്‍ മഴ മാറി നിന്നതോടെ ആളുകള്‍ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി. കണ്ണൂര്‍ ജില്ലയില്‍ വെള്ളപ്പൊക്കം രൂക്ഷമായിരുന്ന ശ്രീകണ്ഠാപുരം, ഇരിക്കൂര്‍, ചെങ്ങളായി, ഇരിട്ടി, ടൗണുകളില്‍ നിന്ന് വെള്ളം ഇറങ്ങി.

കണ്ണൂരില്‍ 104 ക്യാമ്പുകളിലായി പതിനായിരത്തോളം പേരുണ്ട്. കാസര്‍കോട് ജില്ലയില്‍ മഴ പൂര്‍ണമായും മാറി. 28 ക്യാമ്പുകളാണ് ഇവിടെയുള്ളത്. കോഴിക്കോടിന്റെ മലയോരമേഖലകളിലും മുക്കം, കാരശേരി , ഭാഗങ്ങളിലും ജലനിരപ്പ് താഴ്ന്നു. കോഴിക്കോട് ജില്ലയില്‍ 315 ഉം വയനാട്ടില്‍ 197 ഉം മലപ്പുറത്ത് 187 ഉം പാലക്കാട് 80 ഉം ക്യാമ്പുകളുണ്ട്. പാലക്കാട് ജില്ലയില്‍ ഇടവിട്ട് നേരിയ മഴയുണ്ട്.

ആലപ്പുഴ ജില്ലയിലെ ആറു താലൂക്കുകളിലുമായി 52  ദുരിതാശ്വാസ ക്യാമ്പുകളാണ് ഇതുവരെ തുറന്നിട്ടുള്ളത്.  6290 അന്തേവാസികളാണ് ഈ ക്യാമ്പുകളിലുള്ളത്. ആകെ 1686 കുടുംബങ്ങളാണ് ദുരിതബാധിതരായി ക്യാമ്പിലെത്തിയിട്ടുള്ളത്. ഇതിൽ 2331 പുരുഷന്മാരും 2822 സ്ത്രീകളും 1137 കുട്ടികളും ഉൾപ്പെടുന്നു.

ചെങ്ങന്നൂരിലെ 26 ക്യാമ്പുകളിലായി 1774 പേരും മാവേലിക്കരയിലെ ഒമ്പതു ക്യാമ്പുകളിലായി 640 പേരുമുണ്ട്. നാലു വീതം ക്യാമ്പുകളുള്ള കുട്ടനാട്ടിൽ 303 പേരും ചേർത്തലയിൽ 163 പേരുമാണ് ക്യാമ്പിലുള്ളത്.  കാർത്തികപള്ളിയിൽ എട്ടു ക്യാമ്പിലായി  2330 പേരുണ്ട്. അമ്പലപ്പുഴയിലുള്ള ഒരു ക്യാമ്പിൽ 1080 അന്തേവാസികളുമുണ്ട്. 

ഡാമുകളില്‍ ആശങ്കയില്ല

കവിഞ്ഞൊഴുകിയ പുഴകളിലെ ജനിരപ്പ് താഴ്ന്നു തുടങ്ങി. അണക്കെട്ടുകളുടെ ഷട്ടറുകള്‍ താഴ്ത്തി തുടങ്ങി. കുറ്റിയാടി, ബാണാസുരസാഗര്‍, പെരിങ്ങല്‍കുത്ത് അണക്കെട്ടുകളാണ് നിറഞ്ഞിട്ടുള്ളത്.ഇടുക്കിയിലെ ജലസംഭരണം 36.61 ശതമാനമായി. പമ്പയില്‍ 63.36 ശതമാനവും കക്കിയില്‍ 38.13 ശതമാനവുമാണ് വെള്ളമുള്ളത്.

പെരിങ്ങല്‍കുത്തില്‍ 67.03 ശതമാനമാണ് വെള്ളം. വൈദ്യുതി ബോര്‍ഡിന്റെ എട്ട് അണക്കെട്ടുകളും കഴിഞ്ഞവര്‍ഷം ഇതേ ദിവസങ്ങളില്‍ നിറഞ്ഞിരുന്നു. ജലവിഭവ വകുപ്പിന്റെ അഞ്ച് ഇടത്തരം അണക്കെട്ടുകളുടെയും മൂന്ന് ചെറുകിട അണക്കെട്ടുകളുടെയും ഷട്ടറുകള്‍ തുറന്നിട്ടുണ്ട്.

റെഡ് അലര്‍ട്ടില്ല, എങ്കിലും ജാഗ്രത

തിങ്കളാഴ്‌ച ഒരു ജില്ലയിലും റെഡ് അലര്‍ട്ട് ഇല്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ട്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും. മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റു വീശാമെന്നും കൂറ്റന്‍ തിരമാലകളുണ്ടാകുമെന്നും ദേശീയ സമുദ്രസ്ഥിതി പഠനകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇനിയും മഴ വരാം

മണ്‍സൂണ്‍ കാറ്റ് ശക്തമായി തുടരുകയാണ്.13, 14 തീയകളില്‍ മലയോര മേഖലകളില്‍ ഉള്‍പ്പെടെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം കേരള തീരത്തേക്ക് 13ന് എത്തിയാല്‍ രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴ പെയ്യും. 15ന് മഴ കുറഞ്ഞു തുടങ്ങും.

Other News