ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം: അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത


AUGUST 27, 2019, 11:13 AM IST

തിരുവനന്തപുരം:  ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനാല്‍ അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച നാല് ജില്ലകളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .

മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിന് തടസ്സമില്ല.അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപകമായി, ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

ആഗസ്റ്റ് അവസാനത്തോടെ മഴയ്ക്ക് നേരിയ ശമനമുണ്ടാകുമെങ്കിലും, സെപ്റ്റംബര്‍ ആദ്യ വാരത്തോടെ വീണ്ടും ശക്തമാകും.ഏഴ് മുതല്‍ 11 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് പ്രവചനം. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ മണ്‍സൂണ്‍ കാലത്ത് ലഭിക്കുന്ന മഴയാണ് ഇതെന്നും ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.ഇടുക്കി,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കും. ഇവിടങ്ങളില്‍ യല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

റെഡ് ഓറഞ്ച് അലര്‍ട്ടുകള്‍ എവിടെയും ഇല്ല. ഉരുള്‍പൊട്ടല്‍,മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലും, കൂടാതെ ഭൂമിയില്‍ വിള്ളലുകള്‍ കാണപ്പെടുകയും ചെയ്യ്ത പ്രദേശങ്ങളിലും താമസിക്കുന്നവര്‍ കനത്ത ജാഗ്രത പുലര്‍ത്തണം. കേരള തീരത്ത് മത്സ്യതൊഴിലാളികള്‍ക്ക് മത്സ്യ ബന്ധനത്തിന് പോകുന്നതിന് തടസ്സമില്ല.

Other News