രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു


OCTOBER 17, 2021, 7:27 AM IST

മുണ്ടക്കയം: ഉരുള്‍പൊട്ടലുണ്ടായി ഒരു കുടുംബത്തിലെ ആറുപേരുടെ മരണത്തിനിടയാക്കിയ കൂട്ടിക്കല്‍ പൂര്‍ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാങ്ങോട് സൈനിക ക്യാംപില്‍ നിന്നുള്ള 40 അംഗ കരസേനാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററും ഉപയോഗപ്പെടുത്തുന്നുണ്ട്. സാരംഗ് എം 70 ഹെലികോപ്റ്ററുകളാണ് വിന്യസിക്കുന്നത്.

വേണ്ടിവന്നാല്‍ കൂടുതല്‍ ഹെലികോപ്റ്റുകള്‍ എത്തിക്കാനും ആലോചിക്കുന്നുണ്ട്.രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. എന്നാല്‍ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു.

ഏന്തയാര്‍, കൂട്ടക്കയം പ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. അതേസമയം റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ വഴികളൊന്നുമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്.മന്ത്രി വി.എന്‍. വാസവന്‍ കൂട്ടിക്കല്‍ ചപ്പാത്തില്‍ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ കോട്ടയത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് അധികൃതര്‍  ആലോചിക്കുന്നത്.

കാഞ്ഞിരപ്പള്ളി താലൂക്കില്‍ 13 ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്.

ഏന്തയാര്‍ ജെ.ജെ മര്‍ഫി സ്‌കൂള്‍, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എന്‍ സ്‌കൂള്‍, കൊരട്ടി സെന്റ് ജോസഫ് പള്ളി ഹാള്‍, ചെറുവള്ളി ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍, ആനക്കല്ല് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, കാഞ്ഞിരപ്പള്ളി നൂറുല്‍ ഹുദ സ്‌കൂള്‍, കൂവക്കാവ് ഗവണ്‍മെന്റ് എച്ച്.എസ്., കെ.എം.ജെ സ്‌കൂള്‍ മുണ്ടക്കയം, വട്ടക്കാവ് എല്‍.പി സ്‌കൂള്‍, പുളിക്കല്‍ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകള്‍.

Other News