ജീവിതമെന്ന അത്ഭുത സമസ്യയുടെ പൊരുള്‍ തേടിയ ഒരാള്‍


JULY 11, 2019, 4:27 PM IST

രോഗക്കിടക്കയിലായ കഥാകൃത്ത് തോമസ് ജോസഫിനെക്കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ സി.കെ ഹസന്‍ കോയ എഴുതുന്നു


ഴുപതുകളുടെ ആദ്യപാദമാണ്. ഏലൂരിലെ കെമിക്കല്‍ ഫാക്ടറികളില്‍ നിന്നുള്ള വിഷ മേഘങ്ങള്‍ തരിശു പാടങ്ങളിലേക്കു ചാഞ്ഞിറങ്ങുന്ന സായാഹ്നങ്ങളില്‍ വിജനമായ തെരുവുകളിലൂടെ നടക്കാറുണ്ടായിരുന്നു ഞങ്ങള്‍.

ഹൃദയം മറന്നൂ നാണയത്തുട്ടിന്റെ കിലുകിലാ ശബ്ദത്തില്‍ എന്ന പാട്ട് ചിലപ്പോഴവന്‍ മൂളും.  കൗമാരകാലത്തു നിന്നാരംഭിക്കുന്ന നിരവധി ജീവിത ചിത്രങ്ങള്‍ ഇതെഴുതാനിരിക്കുമ്പോള്‍ ഒന്നിനു പിറകേ ഒന്നായി മനസിലൂടെ കടന്നു പോകുന്നു. ടിസിസിയുടെ പിന്നിലെ  മണല്‍തിട്ടയില്‍ കിടക്കുമ്പോള്‍ ആകാശ ദീപമേ..ആര്‍ദ്ര നക്ഷത്രമേ...എന്ന ഗാനം താര സ്ഥായിയില്‍ മനോഹരമായി ആലപിക്കും. പിന്നെ വളരെ നേരത്തേക്ക് ഒന്നും മിണ്ടില്ല.

തോമസ് ജോസഫ്  ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ ഏറ്റവും നല്ല മനുഷ്യരില്‍ ഒരാളാണ്.വലിയ പുസ്തകങ്ങളും ചുമന്ന് റോഡിന്റെ അരികു പറ്റി പതിയെ നടന്നു നീങ്ങുന്ന നീണ്ടു മെലിഞ്ഞയ കുട്ടി ഹൈസ്‌കൂള്‍ കാലത്തെ ഒരു പതിവു കാഴ്ചയായിരുന്നു. ജൂനിയര്‍വിദ്യാര്‍ത്ഥികളുടെ ലോംഗ് ജംപ് മത്സരത്തില്‍ ഇയാളെ നേരത്തേ കണ്ടിട്ടുണ്ടല്ലോ എന്നു സംശയിച്ചു ആദ്യം. അതു സത്യമായിരുന്നു. വാക്കുകളുടെ ലോകത്ത് സ്വയം ആഹൂതി ചെയ്യുന്നതിനായി മറ്റു ലോകങ്ങള്‍ തള്ളിക്കളഞ്ഞ തോമസ് ജോസഫ്  ഒരത്ഭുതമായി അക്കാലം മുതലേ മനസില്‍ നിറഞ്ഞു. സീനിയറായിരുന്ന അയാളുടെ അന്തര്‍മുഖത്വം പതിയെ സൗഹൃദത്തിലേക്കു വഴിമാറി. മണിക്കൂറുകള്‍ നീളുന്ന കാല്‍നട യാത്രകളിലേക്കും വായനയുടെ അപരലോകങ്ങളിലേക്കും അതു വ്യാപിച്ചപ്പോള്‍ പതിറ്റാണ്ടുകളിലൂടെ അഭംഗുരം തുടരാനിരിക്കുന്ന ഒരു ബന്ധമാവും അതെന്ന് കരുതിയതേയില്ല.

ഇന്ന് പ്രിയ ചങ്ങാതിയുടെ ആസ്പത്രിക്കിടയ്ക്കരികില്‍ നില്‍ക്കുമ്പോള്‍ മരവിച്ച അവസ്ഥയിലാണ് മനസ്. ആരോടും പകയോ കന്മഷമോ ഇല്ലാതിരുന്ന, ഒരിക്കലും  ആരേയും ദ്രോഹിച്ചിട്ടില്ലാത്ത ഒരു പാവം എഴുത്തുകാരന് ഈ ദുരന്തം വന്നു ചേര്‍ന്നല്ലോ എന്നോര്‍ക്കുമ്പോള്‍ മനസു വിങ്ങുന്നു. എക്കാലവും വളരെ കുറച്ചു സുഹൃത്തുക്കളേ തോമസ് ജോസഫിനുണ്ടായിരുന്നുള്ളു.

സാഹിത്യത്തിലെ ക്‌ളിക്കുകളില്‍ നിന്നും ഉപജാപക സംഘങ്ങളില്‍ നിന്നും അകലം പാലിച്ചതുകാരണം പലര്‍ക്കും അയാളെ പഥ്യമായിരുന്നില്ല. ഇംഗ്‌ളീഷ്  വായിക്കാന്‍ സാധിക്കാതിരുന്ന തോമസ് ജോസഫ് വിവര്‍ത്തനങ്ങളിലൂടെയാണ് ലോക സാഹിത്യത്തെ സമീപിച്ചത്.

വായിച്ചതൊന്നും തന്റെ എഴുത്തിനെയോ ശൈലിയെയോ സ്വാധീനിക്കാന്‍ അയാള്‍ ഒരിക്കലും അനുവദിച്ചില്ല.  സ്വന്തം രീതിയിലേ എഴുതൂ എന്നയാള്‍ വളരെ മുമ്പേ തീരുമാനിച്ചിരുന്നു. സര്‍റിയലിസവും ഫാന്റസിയും കൈകോര്‍ക്കുന്ന മൗലികമായ ഒരിനം മാജിക്കല്‍ റിയലിസമായിരുന്നു തോമസ് ജോസഫിന്റെ രചനാശൈലിയുടെ അടിത്തറ. 

മലയാളത്തില്‍ പൂര്‍വ മാതൃകകളില്ലാത്ത ഒന്നായിരുന്നു അത്. അത്ഭുത സമസ്യയും ചിത്രശലഭങ്ങളുടെ കപ്പലും സാത്താന്‍ ബ്രഷുമൊക്കെ ഇംഗ്‌ളീഷ്  വിവര്‍ത്തനങ്ങളിലൂടെ അന്തരാഷ്ട്ര തലത്തില്‍ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കഥകളാണ്.  ഈ അത്ഭുത കഥകള്‍ ലോക സാഹിത്യത്തില്‍ ഇടം പിടിക്കാന്‍ അര്‍ഹതയുള്ളവയാണെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് മലയാളത്തിന്റെ പ്രിയ കഥാകൃത്ത്  സക്കറിയയും അറിയപ്പെടുന്ന ഇംഗ്‌ളീഷ് കവി എ.ജെ തോമസുമൊക്കെ അവ ഇംഗ്‌ളീഷിലേക്കു മൊഴിമാറ്റിയത്.നിസ്സഹായനായ  മനുഷ്യന്റെ വിഹ്വലതകളും ഭീതികളുമാണ്  അനേക രാത്രികളില്‍ ഉറക്കമൊഴിഞ്ഞ് തോമസ് ജോസഫ്  ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത് എന്നു മനസിലാക്കിയ ഒരു പറ്റം വായനക്കാരണ് ഈ എഴുത്തുകാരന്റെ ജീവന്‍ ഇപ്പോഴും നില നിര്‍ത്തുന്നത്. 

ബോധാബോധങ്ങള്‍ക്കു നടുവിലെ ഏകാന്തതയുടെ തുരുത്തില്‍ അയാള്‍ കിടക്കാന്‍ തുടങ്ങിയിട്ട് പത്തുമാസമായി. ആശുപത്രിയിലെത്തുമ്പോള്‍ തന്നെ ശരീരത്തിന്റെ ഒരു വശം പൂര്‍ണമായും മറുവശം ഭാഗികമായും തളര്‍ന്ന നിലയിലായിരുന്നു. സംസാരിക്കാനോ കിടക്കയില്‍ നിന്നെഴുന്നേല്‍ക്കാനോ ഭക്ഷണം ഇറക്കാനോ കഴിയാത്ത അവസ്ഥ തുടരുകയാണ്. വയറിലും തൊണ്ടയിലും ട്യൂബുമായി ദിവസങ്ങളും മാസങ്ങളും കടന്നുപോകുന്നതറിയാതെ ഒരേ കിടപ്പ്.2018 സെപ്തംബര്‍ 15 നു വെളുപ്പിനാണ് പക്ഷാഘാതത്തെ തുടര്‍ന്ന് തോമസ് ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഉറക്കത്തില്‍ സംഭവിച്ച ആഘാതം വെളുപ്പിന് അപ്രതീക്ഷിതമായാണ് വീട്ടുകാര്‍ തിരിച്ചറിഞ്ഞത്.

ചെറിയൊരു കാന്റീന്‍ ജോലികൊണ്ട് കുടുംബം പുലര്‍ത്താന്‍ ക്‌ളേശിക്കുന്ന ഭാര്യ റോസിലിക്ക്  ഞെട്ടിക്കുന്ന അറിവായിരുന്നു അത്. ഉറക്കത്തിലായിരുന്ന മകന്‍ ദീപക് ജെസ്സേയെ വിളിച്ചുണര്‍ത്തി ഉടന്‍ തന്നെ കീഴ്മാട്ടെ വീട്ടില്‍ നിന്ന് അടുത്തുള്ള രാജഗിരി ആശുപത്രിയിലെത്തിച്ചു. അന്നു തന്നെ തലയോട്ടിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും ചലന ശേഷിയോ ഓര്‍മ്മയോ വീണ്ടു കിട്ടിയില്ല.  ആശുപത്രിയില്‍  അഞ്ചുമാസം കിടന്നു. ഡോക്ടര്‍മാര്‍ വരികയും പോവുകയും ചെയ്തു.  ഫിസിയോ തെറാപ്പിയും മറ്റു വിലയേറിയ ചികിത്സകളും  നടത്തി.

കാര്യമായ ഒരു പ്രയോജനവും ഉണ്ടായില്ല. ഇപ്പോള്‍ അഞ്ചുമാസമായി വീട്ടില്‍  ചികിത്സ തുടരുകയാണ്. ഇടയ്ക്കിടെ രോഗം മൂര്‍ഛിക്കുമ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിക്കുന്നു. മൂന്നാലു ദിവസം കഴിഞ്ഞ് തിരിച്ചു കൊണ്ടു വരുന്നു. ഇതെഴുതുമ്പോള്‍ (2019 ജൂണ്‍ 25) ആള്‍ ആശുപത്രിയിലാണ്. ഐസിയുവില്‍ നിന്ന്്  മുറിയിലേക്കെത്തിയിട്ട്  മണിക്കൂറുകള്‍ മാത്രമേ ആയിട്ടുള്ളു.പൊതുമേഖലയിലെ ഏറ്റവും വലിയ വളം നിര്‍മ്മാണ ശാലയായ ഏലൂര്‍ ഫാക്ടില്‍ തൊഴിലാളിയായിരുന്ന തോമസിന്റെ മൂത്ത മകന്‍ ജോസഫ്  സ്‌കൂളില്‍ വെച്ചു തന്നെ വ്യത്യസ്തമായ എഴുത്തിലൂടെ ശ്രദ്ധ നേടിയിരുന്നു.

എട്ടാം ക്‌ളാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച  വേദന എന്ന കഥയില്‍ 'മഴപ്പാറ്റകള്‍ ഹര്‍ഷാരവത്തോടെ മണ്ണിലേക്കു പാറി വീണു'  എന്നെഴുതിയ  തോമസ് ജോസഫിനെ അധ്യാപകരായ കെ.യു മേനോനും കെ.എസ് നമ്പൂതിരിയുമൊക്കെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. തന്നിലെ എഴുത്തുകാരനെ ആദ്യം തിരിച്ചറിഞ്ഞത് അയാള്‍  തന്നെയാണെന്നതാണ് വസ്തുത. തയ്യല്‍ക്കാരനായിരുന്ന അമ്മാവന്‍ വി.ടി വര്‍ഗീസ് നാടകങ്ങള്‍ എഴുതിയിരുന്നു. കുടംബത്തില്‍ മറ്റാര്‍ക്കും എഴുത്തിന്റെ ബാധയുണ്ടായിരുന്നില്ല.കൂട്ടുകാര്‍ ജോലിയും പദവികളുമായി മുന്നോട്ടു പോയപ്പോള്‍ മുറിയില്‍ അടച്ചിരുന്ന്  അപകര്‍ഷതകളെ കുടഞ്ഞു തെറിപ്പിച്ച്  ജീവിതമെന്ന അത്ഭുത സമസ്യയുടെ ഇഴ പിരിക്കാന്‍ ശ്രമിക്കുകയായിരുന്നു തോമസ് ജോസഫ്. 

യാതൊരു ഒത്തു തീര്‍പ്പുകള്‍ക്കും വഴങ്ങാതെ എഴുത്തിനു മാത്രമായി അയാള്‍ ജീവിതം സമര്‍പ്പിച്ചു. എഴുത്താണ്, എഴുത്തുമാത്രമാണ് തന്റെ നിയോഗമെന്ന് അയാള്‍ മനസിലാക്കിക്കഴിഞ്ഞിരുന്നു. ഇതിനിടെ മകനെ എന്തെങ്കിലും ജോലിക്കു പറഞ്ഞയക്കാന്‍ അപ്പന്‍ കിണഞ്ഞു ശ്രമിച്ചു. ഇതിന്റെ പേരില്‍ വീട്ടില്‍ ബഹളങ്ങളും വഴക്കും പതിവായി. മുറിയില്‍ വാതിലടച്ചിരുന്ന് മകന്‍ അപ്പനെ പ്രതിരോധിച്ചു. ഫാക്ട് ഉള്‍പ്പടെയുള്ള കമ്പനികളില്‍ ട്രേഡ് യൂന്യനുകളുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശ്രിത നിയമനങ്ങള്‍ നടക്കുന്ന കാലമായിരുന്നു.

കമ്പനിയില്‍ ചേര്‍ക്കാന്‍ അപ്പന്‍ നടത്തിയ കഠിന ശ്രമങ്ങള്‍ക്കൊടുവില്‍ ഗത്യന്തരമില്ലാതെ  അയാള്‍ പ്‌ളാന്റില്‍ ഹെല്‍പറായി പണിക്കുകയറി. എന്നാല്‍  മൂന്നാം നാള്‍ തന്നെ കാക്കി ഊരിയെറിഞ്ഞ് ഏലൂരിലെ പഴയ തറവാടു വീടിന്റെ  ചായ്പില്‍ തിരിച്ചെത്തി പുസ്തകങ്ങള്‍ക്കിടയിലെ കയറ്റു കട്ടിലില്‍ അഭയം പ്രാപിച്ചു. ഇവനെ ഒന്നു പറഞ്ഞു മനസിലാക്കു മോനേ...എന്ന് വീട്ടിലെത്തുമ്പോഴെല്ലാം അപ്പനും അമ്മയും പറഞ്ഞുകൊണ്ടിരുന്നു. പിന്നീട് കുറച്ചു കാലം കൊച്ചിയില്‍ ചന്ദ്രിക പത്രത്തില്‍ ലൈബ്രേറിയനായും തുടര്‍ന്ന് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ഡെസ്പാച്ചിലും ജോലി ചെയ്തതൊഴിച്ചാല്‍ എഴുത്തല്ലാതെ ഒരു പണിയും തോമസ് ജോസഫ് ചെയ്തിട്ടില്ല.

 നാട്ടുകാരും ബന്ധുക്കളും  സുഹൃത്തുക്കളുമെല്ലാം ഒന്നിനും കൊള്ളാത്തവനെന്നു എഴുതിത്തള്ളിയ ആള്‍ പട്ടിണിയും വേദനകളുമായി പൊരുതി  താന്‍ വെട്ടിയുണ്ടാക്കിയ വഴിയിലൂടെ മാത്രം സഞ്ചരിച്ച്  സാഹിത്യ അക്കാദമി അവാര്‍ഡുള്‍പ്പടെയുള്ള ബഹുമതികള്‍ സ്വീകരിക്കുന്നത് അവര്‍ അവിശ്വാസത്തോടെ കണ്ടു നിന്നു.  വ്യവസ്ഥയുമായി കലഹിച്ച് ചെറുപ്പത്തിലേ വഴിമാറി നടന്ന ഒരാളെ പൂര്‍ണമായി അംഗീകരിക്കാന്‍ അവര്‍ക്കു ഒരിക്കലും കഴിയില്ലായിരുന്നു.

എങ്കിലും ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള വായനക്കാരുടെ അദൃശ്യ ഹസ്തങ്ങള്‍ അയാളെ അത്ഭുതകരമായി താങ്ങി നിര്‍ത്തിയിരിക്കുന്നു. ചികിത്സാ ചെലവുകള്‍ക്കായുള്ള പണം മകന്‍ ജെസ്സേയുടെ അക്കൗണ്ടിലേക്ക് അവരാണ് അയച്ചു കൊടുത്തത്. 

നിസ്സഹായമായ കിടപ്പ് മാസങ്ങളിലേക്കു നീണ്ടതോടെ ചികിത്സാ ചെലവുകള്‍ ചോദ്യ ചിഹ്നമായി മാറുകയാണ്. ഭര്‍ത്താവിനെ പരിചരിക്കുന്നതോടൊപ്പം മകളുടെ പ്രസവവും നടന്നതോടെ വീട്ടില്‍ തന്നെ നില്‍ക്കേണ്ടി വന്ന റോസിലിയുടെ ചെറിയ ജോലിയും നഷ്ടമായി. മകളുടെ കല്യാണത്തിന് സഹകരണ ബാങ്കില്‍ നിന്നു വായ്പയെടുത്ത വകയില്‍ ലക്ഷങ്ങളുടെ കടവും ഈ കുടംബത്തെ വേട്ടയാടുന്നു .

അമച്വര്‍ നാടക വേദിയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ച മകന്‍ ജെസ്സേയുടെ തുഛമായ വരുമാനം മരുന്നിനുപോലും തികയാത്ത അവസ്ഥയാണ്.

( ജെസ്സെയുടെ അക്കൗണ്ട് നമ്പര്‍- 2921101008349. I-F-S-C CNR-B0005653. Name Jesse. Bank-Canara bank. Chunangamveli branch.Aluva. mobile-9633457192

Other News