സോളാര്‍ പീഡനക്കേസ്; ഹൈബി ഈഡനെ സി ബി ഐ ചോദ്യം ചെയ്തു


MAY 13, 2022, 7:41 PM IST

കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എം പിയെ സി ബി ഐ ചോദ്യം ചെയ്തു. കൊച്ചിയിലെ കേന്ദ്ര സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍. കേസന്വേഷിക്കുന്ന സി ബി ഐ തിരുവനന്തപുരം സ്‌പെഷ്യല്‍ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ഹൈബിയെ ചോദ്യം ചെയ്തത്.

 ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് സോളാര്‍ കേസ് സി ബി ഐ അന്വേഷണത്തിന് വിട്ടത്. ആറ് മാസം നീണ്ട പരിശോധനയ്ക്ക് ശേഷമാണ് ഹൈബി ഈഡന്‍ അടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ബി ജെ പി അഖിലേന്ത്യ ഉപാധ്യക്ഷന്‍ അബ്ദുല്ലക്കുട്ടിക്കുമെതിരെ സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തത്. 2012ല്‍ നിയമഭാസമ്മേളനം നടക്കുന്ന സമയത്ത് എം എല്‍ എ ഹോസ്റ്റലിലെ ഹൈബി ഈഡന്റെ മുറിയില്‍ വെച്ച് ഉപദ്രവിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതി അടിസ്ഥാനമാക്കി കേസില്‍ ഹൈബിയെ പ്രതിയാക്കി ക്രൈംബ്രാഞ്ച് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതേ എഫ് ഐ ആര്‍ പ്രകാരമാണ് സി ബി ഐയും ഹൈബി ഈഡനെ പ്രതിയാക്കിയത്. 

 ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആദ്യം നോട്ടീസ് നല്‍കിയപ്പോള്‍ തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ഒഴിവാക്കണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നെങ്കിലും അടിയന്തരമായി ഹാജരാകാന്‍ സി ബി ഐ അദ്ദേഹത്തോട് ആവശ്യപ്പെടുകയായിരുന്നു.