2018-ലെ പ്രളയം: ദുരിതബാധിതര്‍ക്ക് ഒരുമാസത്തിനകം നഷ്‌ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി


AUGUST 30, 2019, 12:08 AM IST

കൊച്ചി:കഴിഞ്ഞ പ്രളയത്തില്‍ നഷ്‌ടപരിഹാരത്തിന് അര്‍ഹതയുള്ളവര്‍ക്ക് ഒരു മാസത്തിനകം തുക കൈമാറണമെന്ന് ഹൈക്കോടതി.അതേസമയം,പ്രളയബാധിതരുടെ വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പെടുത്തുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ സാവകാശം തേടി. 

കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ഇതുവരെയും നഷ്‌ടപരിഹാരം നല്‍കിയിട്ടില്ലെന്നാരോപിച്ച് സമര്‍പ്പിച്ച ഹർജികളിലാണ് കോടതിയുടെ ഇടപെടല്‍.നഷ്‌ടപരിഹാരത്തിന് അര്‍ഹതയുണ്ടന്ന് കണ്ടെത്തിയവര്‍ക്ക് ഒരു മാസത്തിനുള്ളില്‍ നഷ്‌ടപരിഹാര തുക കൈമാറണമെന്നാണ് കോടതി ഉത്തരവ്.

പ്രളയബാധിതരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് വെബ്സൈറ്റില്‍ ഉള്‍പടുത്തുന്നതിനുള്ള പ്രത്യേക ഫോര്‍മാറ്റുകള്‍ തയ്യാറാക്കിയതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എല്ലാ ജില്ലകളിലും ഏകീകൃത രീതിയിലുള്ള വിവരശേഖരണമാണ് ഉദ്ദേശിക്കുന്നതെന്നും അതിനായി മൂന്ന് മാസത്തെ സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

ഇക്കൊല്ലവും പ്രളയമുണ്ടായതാണ് കാലതാമസമുണ്ടാക്കാന്‍ കാരണമെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ ഒന്നര മാസത്തെ സമയമാണ് കോടതി അനുവദിച്ചത്.പ്രളയ ദുരിത ബാധിതര്‍ക്ക് നിയമ സഹായം ഉറപ്പാക്കാന്‍ കേരള സ്റ്റേറ്റ് ലീഗൽ സർവ്വീസ് അതോറിറ്റി (കെല്‍സ)യെ കോടതി കക്ഷി ചേര്‍ത്തു. ഹർജി അടുത്ത മാസം 30ന് വീണ്ടും പരിഗണിക്കും.

നഷ്‌ടപരിഹാരം നല്‍കുന്നതിന് നടപടികള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്കും അര്‍ഹരായ എല്ലാവര്‍ക്കും നഷ്‌ടപരിഹാരം നല്‍കുമെന്ന് മന്ത്രി വി എസ് സുനില്‍കുമാറും പിന്നീട് പ്രതികരിച്ചു.

Other News