പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു


SEPTEMBER 23, 2022, 7:06 PM IST

കൊച്ചി: കേരളത്തില്‍ വെള്ളിയാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ച പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നടപടിക്കെതിരെ ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിനും സംസ്ഥാന ജനറല്‍ സെക്രട്ടറിക്കുമെതിരെ കേരള ഹൈക്കോടതി സ്വമേധയാ കേസെടുത്തു.

ഏഴു ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഉത്തരവ് പാലിക്കാതെയുള്ള ഹര്‍്ത്താല്‍ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം നടത്തുകയാണെങ്കില്‍ സംഭവങ്ങളുടേയും നാശനഷ്ടങ്ങളുടേയും വിവരം ഉള്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ നടക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഹര്‍ത്താല്‍ കോടതി നിരോധിച്ചിട്ടും നടത്തിയെന്നും പറഞ്ഞു. 

പൊതുസ്വത്തും സ്വകാര്യ സ്വത്തും നശിപ്പിച്ചാല്‍ പ്രത്യേകം കേസുകളെടുക്കണം. ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവിട്ടു. മിന്നല്‍ ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും അത് നിയമവിരുദ്ധമാണെന്നും ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹര്‍ത്താലെന്നും കോടതി നിരീക്ഷിച്ചു. കേസ് 29ന് പരിഗണിക്കും. 

ഏഴു ദിവസത്തെ പൊതു അറിയിപ്പ് ഇല്ലാതെ ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ നടത്തുന്നത് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ വിശദാംശങ്ങള്‍ പരാമര്‍ശിക്കാതെയാണ് മാധ്യമ സ്ഥാപനങ്ങള്‍ മിന്നല്‍ ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. നിയമവിരുദ്ധ മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുമ്പോഴെല്ലാം ഇക്കാര്യം വിശദമാക്കണമെന്നും കോടതി അഭ്യര്‍ഥിച്ചു.

Other News