തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി


FEBRUARY 14, 2020, 7:46 AM IST

കൊച്ചി: ഈ വര്‍ഷം നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്ന് ഹൈക്കോടതി. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കിയാകണം തെരഞ്ഞെടുപ്പ്. ഇക്കാര്യത്തില്‍ ഉചിതമായ നടപടി തെരഞ്ഞെടുപ്പ് കമ്മീഷനു കൈക്കൊള്ളാംമെന്നും കോടതി അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെയാണ് നടപടി. 2019 ല്‍ ലോക്സഭാ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടിക ഉപയോഗിച്ചാകണം തെരഞ്ഞെടുപ്പ് നടത്തേണ്ടത് എന്നായിരുന്നു യു.ഡി.എഫിന്റെ ആവശ്യം.

2019ല്‍ ലോക്സഭ തെരഞ്ഞെടുപ്പിനു തയാറാക്കിയ വോട്ടര്‍പട്ടികയില്‍ 2020 ഫെബ്രുവരി ഏഴു വരെ ചേര്‍ത്ത പേരുകള്‍കൂടി ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക തയാറാക്കാനും അതനുസരിച്ചു തെരഞ്ഞെടുപ്പ് നടത്താനും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇതില്‍ ഉള്‍പ്പെടാത്തവര്‍ക്കും ഇനിയും പേരു ചേര്‍ക്കാന്‍ അവസരമുണ്ടാകും. ഇതോടെ 2015ലെ പട്ടികയില്‍ ഇന്നുവരെ പേരുചേര്‍ക്കാന്‍ സമയം അനുവദിച്ചിരുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം ഫലത്തില്‍ റദ്ദായി. 

മുന്‍പ് ഈ കേസ് പരിഗണിച്ചപ്പോള്‍ യു.ഡി.എഫ് മുന്നോട്ട് വച്ച ഹര്‍ജിയിലെ വാദങ്ങള്‍ നടപ്പാക്കുന്നതിനു ഏതെങ്കിലും തരത്തില്‍ തടസങ്ങളുണ്ടോ എന്ന് കോടതി ആരാഞ്ഞിരുന്നു. എന്നാല്‍, കോടതി പറയുന്ന പോലെ ചെയ്യാന്‍ തയാറാണെന്നും തടസങ്ങളൊന്നും ഇല്ലെന്നും അന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കിയിരുന്നു. ഇതും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. 

അതേസമയം, കോടതി ഉത്തരവ് ലഭിച്ചശേഷമേ തീരുമാനം എടുക്കുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ തന്നെ നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കുന്നതിനൊപ്പം പുതുതായി പേരു ചേര്‍ക്കാന്‍ മൂന്ന് അവസരം നല്‍കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Other News