കൊച്ചിയില്‍ ഹണി ട്രാപ്; യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍


MAY 24, 2023, 7:50 PM IST

കൊച്ചി: ഹണി ട്രാപ്പിലൂടെ പണം കവര്‍ച്ച നടത്തിയ രണ്ട് പേരെ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് പിടികൂടി. കോഴിക്കോട് ചുങ്കം ഫറോക്ക് പോസ്റ്റില്‍ തെക്കേപുരയ്ക്കല്‍ വീട്ടില്‍ ഷാനുവിന്റെ ഭാര്യ ശരണ്യ (20), സുഹൃത്ത് മലപ്പുറം വാഴക്കാട് ചെറുവായൂര്‍ എടവണ്ണപ്പാറയില്‍ എടശ്ശേരിപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍ (22) എന്നിവരാണ് അറസ്റ്റിലായത്. 

ഇടുക്കി അടിമാലി സ്വദേശിയായ ചെറുപ്പക്കാരനെ ഇന്‍സ്റ്റഗ്രാം വഴി രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട യുവതി സ്ഥിരമായി ചാറ്റിങ് നടത്തി എറണാകുളം പള്ളിമുക്കിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ കൂടെയുണ്ടായിരുന്ന നാലുപേര്‍ സ്ഥലത്തെത്തുകയും യുവാവിനെ ദേഹോപദ്രവം ഏല്‍പ്പിക്കുകയും പണവും എ. ടി. എം കാര്‍ഡും കവരുകയുമായിരുന്നു. 

എ ടി എം കാര്‍ഡ് ഉപയോഗിച്ച് ആദ്യം 4500 രൂപ പിന്‍വലിച്ച പ്രതികള്‍ പിന്നീട് രണ്ടായിരം രൂപ യു പി ഐ ട്രാന്‍സ്ഫറായി അയക്കാനും ആവശ്യപ്പെടുകയായിരുന്നു. വീണ്ടും എറണാകുളം പത്മ ജംഗ്ഷനില്‍ വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തി 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ ബലമായി വാങ്ങിയെടുക്കുകയും രണ്ടു ദിവസത്തിന് ശേഷം ചാറ്റുകള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ വീണ്ടും പണം ആവശ്യപ്പെടുകയുമായിരുന്നു. വീണ്ടും കാല്‍ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതോടെയാണ് എറണാകുളം ടൗണ്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി എത്തിയത്. 

കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ എസ്. ശശിധരന്റെ നിര്‍ദേശാനുസരണം എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം എസ് ഫൈസലിന്റെ  നേതൃത്വത്തില്‍ എസ് ഐമാരായ അജേഷ് ജെ, കെ വി ഉണ്ണികൃഷ്ണന്‍, എ എസ് ഐ ടി കെ സുധി, സി ശരത്ത്, എസ് സി പി ഒമാരായ ഒ ഇ അഷറഫ്, ഹരീഷ്, സലീഷ് വാസു, സിനീഷ്, സുമേഷ്, ബീന എസ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Other News