ഹിന്ദുവെന്നാല്‍ ഒരു ഭൂപ്രദേശത്ത് ജനിച്ചവര്‍; ഞാനും ഹിന്ദു; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍


JANUARY 29, 2023, 3:55 PM IST

തിരുവനന്തപുരം: തന്നെ ഹിന്ദുവെന്ന് വിളിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഹിന്ദുവെന്നാല്‍ ഒരു ഭൂപ്രദേശത്ത് ജനിച്ചവരെ വിശേഷിപ്പിക്കുന്ന പദമാണെന്നും ഗവര്‍ണര്‍. കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഹിന്ദു കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സനാതന ധര്‍മ്മം ഉയര്‍ത്തിക്കാട്ടിയ സംസ്‌കാരത്തിന്റെ പേരാണ് ഹിന്ദു. എന്തുകൊണ്ടാണ് തന്നെ അഹിന്ദുവെന്ന് വിളിക്കുന്നത്. ഇന്ത്യയില്‍ ജനിച്ചവരെല്ലാം ഹിന്ദുക്കളാണ്. മതത്തിന്റ അടിസ്ഥാനത്തിലല്ല, ഭൂപ്രദേശത്തിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ വിളിക്കുന്നതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

ഇന്ത്യയെ വിഭജിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാരാണ് ഹിന്ദു, മുസ്ലിം, സിഖ് തുടങ്ങിയ ജാതികള്‍ നിര്‍മിച്ചത്. ഇന്ത്യയുടെ ഒരുമ ദേശീയതയിലാണെന്നും ഗവര്‍ണര്‍ പറഞ്ഞു. ശ്രീകുമാരന്‍ തമ്പിക്ക് ആര്‍ഷദര്‍ശന പുരസ്‌കാരം ഗവര്‍ണര്‍ സമ്മാനിച്ചു.

ബിബിസിയുടെ വിവാദ ഡോക്യുമെന്ററി 'ഇന്ത്യ- ദി മോഡി ക്വസ്റ്റ്യന്‍'നെ കുറിച്ചും ഗവര്‍ണര്‍ ഹിന്ദു കോണ്‍ക്ലേവില്‍ സംസാരിച്ചു. എന്തുകൊണ്ടാണ് അവര്‍ ബ്രിട്ടീഷ് അതിക്രമങ്ങളെക്കുറിച്ച് ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാത്തതെന്നായിരുന്നു ഗവര്‍ണറുടെ ചോദ്യം.

ഇന്ത്യ നന്നായി പ്രവര്‍ത്തിക്കുന്നു, അതിനാല്‍ ഈ ആളുകള്‍ നിരാശരാണ്. നമ്മുടെ സ്വന്തം ആളുകളില്‍ ചിലരോട് എനിക്ക് ഖേദമുണ്ട്, കാരണം അവര്‍ രാജ്യത്തെ ജുഡീഷ്യറിയുടെ വിധിന്യായങ്ങളേക്കാള്‍ ഒരു ഡോക്യുമെന്ററിയെ വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള ഹിന്ദുത്വ അനുകൂല മലയാളി കൂട്ടായ്മയാണ് കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക.  ജി കെ പിള്ള അധ്യക്ഷനായി. വി മധുസൂദനന്‍ നായര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കുമ്മനം രാജശേഖരന്‍, ബി മാധവന്‍ നായര്‍, ഡോ. രാംദാസ് പിള്ള, രഞ്ജിത് പിള്ള, ശ്രീശക്തി ശാന്താനന്ദ തുടങ്ങിയവര്‍ സംസാരിച്ചു.

Other News