ഇടുക്കി അണക്കെട്ട് തുറന്നു; പെരിയാര്‍ തീരത്ത് അതീവ ജാഗ്രത; കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു


OCTOBER 19, 2021, 12:21 PM IST

ഇടുക്കി: ഇടുക്കി അണക്കെട്ട് തുറന്നു. രാവിലെ പതിനൊന്ന് മണിക്കാണ് അണക്കെട്ട് തുറന്നത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് അണക്കെട്ട് തുറന്നത്. 2018 ലാണ് ഇതിനു മുന്‍പ് ഡാം തുറന്നത്. ഇടുക്കി പദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തിയത്.

രാവിലെ 10.55ന് മുന്നറിയിപ്പ് സൈറണ്‍ നല്‍കിയ ശേഷം 11 മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി, ജില്ല കലക്ടര്‍ ഷീബ ജോര്‍ജ്, വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ സുപ്രിയ എസ് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പ്രസന്നകുമാര്‍, എക്സിക്യൂട്ടീവ് ആര്‍ ശ്രീദേവി എന്നിവരുടെ സാന്നിധ്യത്തിലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

ആദ്യം മൂന്നാമത്തെ ഷട്ടര്‍ ആണ് ഉയര്‍ത്തിയത്. തുടര്‍ന്ന് ചെറുതോണി ടൗണിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം അഞ്ചു മിനിറ്റിനു ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമാണ് നാലാമത്തെ ഷട്ടര്‍ ഉയര്‍ത്തിയത്.

അണക്കെട്ടിന്റെ 2,3,4 ഷട്ടറുകളാണ് 35 സെന്റ്റിമീറ്റര്‍ വീതം ഉയര്‍ത്തിയത്. 100 സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പെരിയാര്‍ തീരത്ത് അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

വെള്ളപ്പാച്ചില്‍ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പുഴ മുറിച്ചു കടക്കുന്നത് നിരോധിച്ചു. ഈ സ്ഥലങ്ങളിലെ പുഴകളില്‍ മീന്‍ പിടിത്തം പാടില്ല. നദിയില്‍ കുളിക്കുന്നതും തുണി അലക്കുന്നതും ഒഴിവാക്കണം. വീഡിയോ, സെല്‍ഫി എടുക്കല്‍, ഫേസ്ബുക്ക് ലൈവ് എന്നിവ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മണിക്കൂറില്‍ 0.331 എംസിഎം വെള്ളമാണ് ഇടുക്കി ജലാശയത്തിലേക്ക് ഒഴുകി എത്തുന്നത്. വൈദ്യതി ഉല്‍പാദനത്തിനായി മണിക്കൂറില്‍ 0.618 എംയു ജലം പ്രയോജനപ്പെടുത്തുന്നുണ്ട്. 2398.08 അടിയില്‍ എത്തിയപ്പോഴാണ് അണക്കെട്ട് തുറന്നത്. സംഭരണശേഷിയുടെ 94.24% വെള്ളമാണ് അണക്കെട്ടിലുള്ളത്. പെരിയാര്‍ തീരത്ത് നിന്നും 64 കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

ഇടുക്കി, വാത്തിക്കുടി, കഞ്ഞിക്കുഴി, കാമാക്ഷി പഞ്ചായത്തുകളില്‍ അതീവ ജാഗ്രത നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. വരും ദിവസങ്ങള്‍ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് കുറച്ചുകൊണ്ട് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അണക്കെട്ടിന്റെ ഷട്ടര്‍ ഉയര്‍ത്തിയിരിക്കുന്നത്.