ഉരുള്‍ പൊട്ടലില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു; 15 പേരെ കാണാതായി; നിരവധി വീടുകള്‍ തകര്‍ന്നു


OCTOBER 17, 2021, 7:07 AM IST

കോട്ടയം/ ഇടുക്കി  : അതിശക്തമായി പെയ്യുന്ന മഴയെതുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ മിന്നല്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും അഞ്ചു മരണം. കുട്ടികളും സ്ത്രീകളും അടക്കം 15പേര്‍ മണ്ണിനടിയിലാണ്. നിരവധി വീടുകള്‍ തകര്‍ന്നു. കൂട്ടിക്കലില്‍ ഒരു കുടുംബത്തില്‍ നിന്ന് ആറുപേരാണ് ദുരന്തത്തിന് ഇരയായത്. രക്ഷാ പ്രവര്‍ത്തനത്തിന് കരസേന ഇറങ്ങിയെങ്കിലും രാത്രിയോടെ തെരച്ചില്‍ നിറുത്തിവച്ചു. വ്യോമസേന എതു നിമിഷവും എത്താന്‍ സജ്ജം. മുണ്ടക്കയം കൂട്ടിക്കല്‍ പ്‌ളാപ്പള്ളി കാവാലി, വട്ടാളക്കുന്നേല്‍ (ഒട്ടലാങ്കല്‍) ക്ലാരമ്മ ജോസഫ് (73), മരുമകള്‍ സിനി (37), കൊച്ചുമകള്‍ സോന (11) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

മകന്‍ മാര്‍ട്ടിന്‍ (റോയി - 48), മറ്റ് കൊച്ചുമക്കളായ സ്നേഹ (13), സാന്ദ്ര (9), ആറ്റുചാലില്‍ ജോമിയുടെ ഭാര്യ സോണി, തൊട്ടിപ്പറമ്പില്‍ മോഹനന്റെ ഭാര്യ സരസമ്മ (60), മുണ്ടകശേരിയില്‍ വേണുവിന്റെ ഭാര്യ റോഷ്‌നി, ജോമിയുടെ മകന്‍ അപ്പു (14) എന്നിവരെയാണ് കൂട്ടിക്കലില്‍ കാണാതായത്.

ഇന്നലെ ഉച്ചയോടെ കൂട്ടിക്കലിലായിരുന്നു ആദ്യ ഉരുള്‍പൊട്ടല്‍. പ്‌ളാപ്പള്ളി ഭാഗത്തുണ്ടായ ഉരുള്‍ മാര്‍ട്ടിന്റെ വീട്ടിലേയ്ക്ക് പതിച്ചു. മാര്‍ട്ടിനും കുടുംബവും ഈ സമയം വീട്ടിനുള്ളിലായിരുന്നു. രക്ഷപ്പെടാന്‍ അവസരം ലഭിക്കും മുന്നേ കുത്തിയൊലിച്ചെത്തിയ ഉരുള്‍ പ്രദേശത്ത് മറ്റ് വീടുകളും കടകളും തകര്‍ത്ത് പുല്ലകയാറിലേയ്ക്ക് പതിച്ചു.

കൊക്കയാര്‍ പൂവഞ്ചിയ്ക്ക് സമീപം മാക്കോച്ചിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ആന്‍സി (45), ചിറയില്‍ ഷാജി (50), പുതുപ്പറമ്പില്‍ ഷാഹുലിന്റെ മകന്‍ സച്ചു ഷാഹുല്‍ (3), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അപ്പു, മാളു,ഫൈസലിന്റെ സഹോദരി ഫൗസിയ, മക്കളായ അഹിയാന്‍ അഫ്‌സാന എന്നിവരെയാണ് കാണാതായത്.
ഇടുക്കി കാഞ്ഞാറില്‍ കാര്‍ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടാണ് സ്വകാര്യ ആശുപത്രി ജീവനക്കാരായ കൂത്താട്ടുകുളം കിഴകൊമ്പ് അമ്പാടിയില്‍ നിഖില്‍ ഉണ്ണികൃഷ്ണന്‍ (29), മംഗത്തുതാഴം വട്ടിനാല്‍ പുത്തന്‍പുരയില്‍ വിജയന്റെ മകളും നിഥിന്‍ സുരേന്ദ്രന്റെ ഭാര്യയുമായ നിമ കെ. വിജയന്‍ (31) എന്നിവര്‍ മരിച്ചത്. വഴിത്തല സ്വദേശിയുടെതാണ് കാര്‍. വൈകിട്ടോടെയാണ് കൊക്കയാര്‍ പഞ്ചായത്തിലെ വീടുകള്‍ ഉരുളെടുത്തത്. ഇടുക്കിയില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി. അമ്പതിലേറെ വീടുകള്‍ തകര്‍ന്നിട്ടുണ്ട്. നൂറുകണക്കിന് ഏക്കര്‍ കൃഷി ഭൂമിയും നശിച്ചു. കാഞ്ഞാര്‍ കൂവപ്പള്ളി, തൊടുപുഴ- പുളിയന്‍മല സംസ്ഥാന പാതയിലെ തുമ്പിച്ചി, കോട്ടയം- കുമളി റോഡില്‍ കുട്ടിക്കാനത്തിനടുത്ത് പുല്ലുപാറ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്

Other News