വ്യാജ ചികിത്സാ മാഫിയക്കെതിരെ നിയമ നിര്‍മാണം വേണം  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.


SEPTEMBER 5, 2019, 2:31 PM IST

തിരുവനന്തപുരം: കേരളത്തില്‍ നിരവധി ഹത ഭാഗ്യരായ മനുഷ്യരെ കൊന്നൊടുക്കി കൊണ്ടിരിക്കുന്ന വ്യാജ ചികിത്സാ മാഫിയയെ കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

വ്യാജ ചികിത്സയെ നിയന്ത്രിക്കുന്നതിനായി കേരളത്തില്‍ സമഗ്രമായ നിയമ നിര്‍മാണം അത്യന്താപേക്ഷിതമാണ്.  അത്തരം നിയമ നിര്‍മാണം നടത്തുവാന്‍ ഉടനടി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന്  തൃശ്ശൂരില്‍ ചേര്‍ന്ന  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ സംസ്ഥാന കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജ ചികിത്സ 3 തരത്തില്‍ നിലവിലുണ്ട്.  ആധുനിക വൈദ്യ ശാസ്ത്രത്തിന്റ അടിസ്ഥാന ഡിഗ്രി ആയ എം.ബി.ബി.എസ് ഇല്ലാതെ മറ്റു വൈദ്യ മേഖലകളില്‍ ബിരുദവുമായി ആധുനിക വൈദ്യ ശാസ്ത്ര മരുന്നുകളും ചികിത്സാ രീതികളും അവലംബിക്കുന്നതാണ് ഒരുതരം.  രണ്ടാമത്തേത് ആധുനിക വൈദ്യ ശാസ്ത്രത്തിലോ മറ്റു വൈദ്യ മേഖലകളിലോ ബിരുദം ഒന്നും തന്നെ ഇല്ലാതെ പാരമ്പര്യ വൈദ്യത്തിന്റെയും പ്രകൃതി ചികിത്സയുടെയും മറവില്‍ എല്ലാ തരം രോഗങ്ങള്‍ക്കും ചികിത്സ ഉണ്ടെന്നു അവകാശ പെട്ടു കൊണ്ടു രോഗികളുടെ നില അപകടത്തിലാക്കുന്ന ശരിയായ ചികിത്സ നിഷേധിക്കുന്നതാണ് രണ്ടാമത്തെ തരം

. മൂന്നാമത്തേതു ആധുനിക വൈദ്യ ശാസ്ത്രത്തിലെ ബിരുദ ധാരികളായ ഡോക്ടര്‍മാര്‍ ഹോമിയോയോ ആയുര്‍വേദമോ മരുന്നുകള്‍ കുറിക്കുന്നതും ഈ തരത്തില്‍ പെടും.  മൂന്ന് തരം വ്യാജ ചികിത്സയും തടയപ്പെടേണ്ടതാണ്.  ദുര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ നിലവിലുള്ള നിയമങ്ങള്‍ എല്ലാം രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും വൈദ്യ വിഭാഗത്തില്‍ ബിരുദം ഉള്ള ആള്‍ക്കാരെ നിയന്ത്രിക്കുന്നതാണ്.  അതു പോലും ദുര്‍ബലമായ നിയമ സംഹിതകള്‍ ഉള്ളതാണ്. 

അതിനാല്‍ തന്നെ ശക്തമായ നിയമ നിര്‍മാണം നടത്തുകയും രോഗികളെ കൊലക്കു കൊടുക്കുന്ന ഇത്തരം വ്യാജ ചികിത്സകരെ കൊലക്കുറ്റത്തിന് ശിക്ഷിക്കുന്ന തരത്തിലുള്ള നിയമ നിര്‍മാണം ഉടനടി ഉണ്ടാകണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്  ഡോ.എം.ഇ.സുഗതന്‍, സെക്രട്ടറി ഡോ.സുള്‍ഫി നൂഹു  എന്നിവര്‍ ആവശ്യപ്പെട്ടു.

Other News