സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയം ഒന്നേകാല്‍ മുതല്‍ രണ്ടു മണി വരെ; ഉത്തരവിറങ്ങി


AUGUST 27, 2019, 3:09 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഉച്ചഭക്ഷണസമയം ഒന്നേകാല്‍ മുതല്‍ രണ്ടു മണി വരെയാണെന്ന് വ്യക്തമാക്കി ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവ്.

ഉച്ചയ്ക്ക് ഒന്നേകാല്‍ മുതല്‍ രണ്ടു മണിവരെയാണ് ജീവനക്കാര്‍ക്ക് ഉച്ചഭക്ഷണത്തിനായി വിട്ടു നില്‍ക്കാനാകൂവെന്നും ഉത്തരവില്‍ പറയുന്നു. നേരത്തെ മുതല്‍ തന്നെ ഈ സമയക്രമമായിരുന്നെങ്കിലും ഒരു മണി മുതല്‍ രണ്ട് വരെയാണ് ഉച്ചഭക്ഷണ സമയമായി സെക്രട്ടേറിയറ്റ് മുതല്‍ പഞ്ചായത്ത് ഓഫീസുകളില്‍ വരെ നടപ്പാക്കി വരുന്നത്. ഈ ധാരണ തന്നെയാണ് പൊതുജനങ്ങള്‍ക്കുമുള്ളത്.സെക്രട്ടേറിയറ്റ് അടക്കമുള്ള സര്‍ക്കാര്‍ ഓഫീസുകളിലെ പ്രവൃത്തി സമയം സംബന്ധിച്ച സംശയങ്ങളും പരാതികളും ഏറിയതോടെയാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെ ഉത്തരവിറങ്ങിയത്.

രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പൊതുവില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിസമയം. പ്രാദേശിക കാരണത്താല്‍ സെക്രട്ടേറിയറ്റ്, തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലെ നഗരമേഖല എന്നിവിടങ്ങളില്‍ 10.15 മുതല്‍ 5.15 വരെയാണ് പ്രവൃത്തിസമയം.

Other News