ചട്ടങ്ങള്‍ ലംഘിച്ചു;  ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തി


JANUARY 22, 2020, 12:51 PM IST

തിരുവനന്തപുരം:  സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ നാലുമാസം മാത്രം ബാക്കിയിരിക്കെ ഡി.ജി.പി ജേക്കബ് തോമസിനെ എ.ഡി.ജി.പിയായി തരംതാഴ്ത്തി. മെയ് 31നാണ് ജേക്കബ് തോമസ് സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കുന്നത്. ചട്ടവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചാണ് തരംതാഴ്ത്തല്‍. തുടര്‍ച്ചയായി കേസുകളില്‍പ്പെടുന്നതും തരംതാഴ്ത്തലിനുള്ള കാരണമായി എടുത്തുകാണിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി നല്‍കിയ ശുപാര്‍ശയിലാണ് ഓള്‍ ഇന്ത്യ സര്‍വീസ് റൂള്‍ അനുസരിച്ച് കേരള സര്‍ക്കാര്‍ നടപടിയെടുത്തിരിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ സര്‍വീസിലുള്ള അഞ്ച് ഡിജിപിമാരില്‍ ഏറ്റവും മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ്. 1987 ബാച്ച് ഐപിഎസ് ഓഫീസറാണ് ജേക്കബ് തോമസ്. വ്യവസായ വകുപ്പിന്റെ കീഴില്‍ പൊതുമേഖലസ്ഥാപനത്തിലെ എംഡിയായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് തരംതാഴ്ത്തല്‍. ഇതോടെ പദവിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുന്ന ആദ്യ ഡി.ജി.പി കൂടിയായി ജേക്കബ് തോമസ്.

2017 മുതല്‍ക്കേ ജേക്കബ് തോമസും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും തമ്മിലുള്ള അഭിപ്രായവ്യതാസം തുടങ്ങിയിരുന്നു. ഓഖി ദുരന്ത സമയത്ത് ദുരിതാശ്വാസത്തിന്റെ കാര്യത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് അദ്ദേഹം എഴുതിയ സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകം സര്‍വീസ് ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് കാണിച്ച് നടപടിയെടുത്തു.

ബിനാമിപേരില്‍ സ്വത്തുസമ്പാദിച്ചു എന്ന കേസില്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഈ കേസുകളെല്ലാം കണക്കിലെടുത്തും നിരന്തരമായി ചട്ടലംഘനങ്ങള്‍ നടത്തിയെന്ന് ആരോപിച്ചുമാണ് ജേക്കബ് തോമസിനെതിരെ നടപടിയെടുത്തിരിക്കുന്നത്.

Other News