വനിതാ തടവുകാര്‍ രക്ഷപ്പെട്ടതിനുപിന്നില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട് 


JUNE 28, 2019, 4:13 PM IST

തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ട് വനിതാ തടവുകാര്‍ രക്ഷപ്പെട്ടതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് വകുപ്പ് തല റിപ്പോര്‍ട്ട്. രക്ഷപ്പെടാന്‍ സഹ തടവുകാരുടെ സഹായമുണ്ടോയെന്ന് പരിശോധിക്കുമെന്ന് ജയില്‍ മേധാവി ഋഷിരാജ് സിംഗ് വ്യക്തമാക്കി. ഇരുവരും വീണ്ടും പോലീസിന്റെ പിടിയിലായെങ്കിലും ഉദ്ോയഗസ്ഥരുടെ കെടുകാര്യസ്ഥതയെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ ഗൗരവമായി അന്വേഷണത്തിന് ഒരുങ്ങുകയാണ്.

ശിക്ഷാ കാലാവധി നീട്ടുമോയെന്ന ഭയം മൂലമാണ് ജയില്‍ ചാടിയതെന്ന് സന്ധ്യയും ശില്‍പയും പൊലീസിന് മൊഴി നല്‍കി.

സംസ്ഥാനത്ത് ആദ്യമായി തടവു ചാടിയ വനിതാ തടവുകാര്‍ പിടിയിലായി


വനിതാ തടവുകാര്‍ ജയില്‍ ചാടിയ സംഭവത്തില്‍ ഉദ്യോഗസ്ഥ വീഴ്ചയുള്ളതായാണ് കണ്ടെത്തല്‍. വീഴ്ചകള്‍ അക്കമിട്ട് നിരത്തുന്ന ജയില്‍ ഡിഐജി സന്തോഷ് കുമാറിന്റെ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിനകം ഡിജിപി ഋഷിരാജ് സിംഗിന് നല്‍കും. ആസൂത്രണത്തിനൊടുവിലായിരുന്നു ജയില്‍ ചാട്ടമെന്ന് പിടിയിലായ സന്ധ്യയും ശില്‍പയും പൊലീസിനോട് പറഞ്ഞു ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയിലെ തയ്യല്‍ ക്ലാസിന് ഇരുവരും പോകുമായിരുന്നു. അവിടെ നിന്ന് കൊണ്ട് പരിസരം നിരീക്ഷിച്ച് മനസിലാക്കി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റിയാണ് രക്ഷപ്പെട്ടത്.

ആറ് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചതെന്നും ഇരുവരും മൊഴി നല്‍കി. വര്‍ക്കല കാപ്പില്‍ ഭാഗത്ത് നിന്നും ഇരുവരും കയറിയ ഓട്ടോ റിക്ഷ ഡ്രൈവര്‍ നല്‍കിയ വിവരമാണ് പ്രതികളെ പിടിക്കാന്‍ നിര്‍ണായകമായത്. പാരിപ്പള്ളിയില്‍ നിന്നും മോഷ്ടിച്ച സ്‌കൂട്ടറില്‍ സഞ്ചരിക്കവെ പാലോട് വെള്ളയംദേശത്ത് വെച്ചാണ് ഇരുവരും വ്യാഴാഴ്ച രാത്രി പൊലീസ് പിടിയിലായത്.